കാട്ടൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: 20 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ രണ്ടുയുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടൂരിൽ നടന്ന സംഭവത്തിൽ എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുൻ, പോത്താനി സ്വദേശി അനന്തകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.മിഥുന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചെന്നു കരുതുന്ന 1,36,700 രൂപയും പൊലിസ് പിടിച്ചെടുത്തു.
ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും മിഥുൻ പ്രതിയാണ്. കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി മോഷണം, സ്ഫോടകവസ്തു നിയമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങിയ ആറ് കേസുകളിൽ അനന്തകൃഷ്ണനും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.




