വിശപ്പില്‍ ഞങ്ങള്‍ രാഷ്ട്രീയം കലര്‍ത്താറില്ല, ‘ഹൃദയപൂര്‍വ്വം’ തുടരും’; കെ മുരളീധരനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ. ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാര്‍ഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘ഹൃദയപൂര്‍വ്വം’ പദ്ധതി വെറുമൊരു പൊതിച്ചോര്‍ വിതരണം മാത്രമല്ലെന്നും മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീ നാരായണഗുരു ഉയര്‍ത്തിയ സോദരത്വേന എന്ന ആശയത്തിന്റെ പ്രയോഗവല്‍കരണവും കൂടിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സര്‍ക്കാര്‍ സംവിധാനം വഴി തുടര്‍ച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂര്‍വ്വം’ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഡിവൈഎഫ്ഐയുടെ പ്രസ്താവന
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡി വൈ എഫ് ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണ്.




