സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

പാലക്കാട്: അലനല്ലൂർ സ്വദേശിനി സഹദിയ നസ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇക്കഴിഞ്ഞ മാസം ഏട്ടിനാണ് ഭർത്താവ് ജിംഷാദിന്റെ എടത്തനാട്ടുകരയിലെ വാടകവീട്ടിൽ വെച്ച് സഹദിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു സഹദിയയുടെയും ജിംഷാദിൻ്റെയും വിവാഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ജിംഷാദ് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ലെന്നും, ഇതിന്റെ പേരിൽ വീട്ടിലുണ്ടായ വഴക്കുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ ഈ പ്രാഥമിക നിഗമനം സഹദിയയുടെ കുടുംബം പൂർണ്ണമായും തള്ളിക്കളയുന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തരം പണം ആവശ്യപ്പെട്ട് സഹദിയയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും, ഈ പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




