Uncategorized

എയർ ഇന്ത്യ വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിന്റെ വൈദ്യപരിശോധനയിൽ‌ കഞ്ചാവിന്റെ സാന്നിദ്ധ്യം കണ്ടതിൽ കൂടുതൽ പരിശോധന നടത്തും

ദില്ലി: തായ്ലൻഡിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തി വ്യോമയാന മന്ത്രാലയം. വൈദ്യ പരിശോധനയിൽ പൈലറ്റിൻ്റെ സാമ്പിളിൽ കണ്ടെത്തിയ കഞ്ചാവിൻ്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തും. ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിൻ ജീവനക്കാരും സഹ പൈലറ്റും പരാതി നൽകി

ഓഗസ്റ്റ് നാലിന് തായലാൻഡിലെ പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. അപകടത്തിൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൈലറ്റുമാരിൽ ഒരാളുടെ ലഹരി പരിശോധനാ ഫലം പോസ്റ്റീവ് അയതോടെയാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുന്നത്. പൈലറ്റിന്റെ സാമ്പിളിൽ കണ്ട കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തുമെന്നും, ചട്ട പ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫിസർക്ക് കൈമാറുമെന്നും ഏയർ ഇന്ത്യ മാനേജ്മെൻറ് വ്യക്തമാക്കി.

അതേസമയം പൈലറ്റ് ഇൻ കമാൻഡിന് കൂടുതൽ കുരുക്ക്. ക്യാപ്റ്റൻ ലഹരി ഉപയോഗിച്ച പോലെയാണ് പെരുമാറിയതെന്ന് ക്യാബിൻ ക്രൂ അംഗം എയർ ഇന്ത്യയ്ക്ക് പരാതി നൽകി. നടക്കാൻ പോലും പറ്റാത്ത നിലയിലായിരുന്നു പൈലറ്റ് എന്ന് പരാതിയിലുണ്ടെന്നാണ് സൂചന. വിമാനം താഴേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍ കൂട്ടി അറിയിപ്പ് നല്‍കിയപ്പോള്‍ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ലെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടത്തുന്ന എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തുടർനടപടികളിൽ നിർണായകമാകും.

ആകാശച്ചുഴിയിൽ വീണ വിമാനത്തിന്റെ മുൻപ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകൾ എഎഐബി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഈ തീരുമാനം. വിമാനം ആകാശച്ചുഴിയിൽപ്പെട്ടു എന്ന സാധ്യത വിദഗ്ധർ തള്ളിയിട്ടുണ്ട്. സമാന അപകടങ്ങൾ ആവർത്തിക്കരുത് എന്ന കർശന മുന്നറിയിപ്പ് രാജ്യത്തെ വിമാന കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകി.നിലവിലെ ചട്ടങ്ങൾ പാലിക്കണമെന്നും കൂടുതൽ ലഹരി പരിശോധനകൾ പൈലറ്റുമാരിൽ നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പുറത്തുവന്ന ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനിടെ എയർ ഇന്ത്യ, ഉന്നതലയോഗം ചേർന്ന് സ്ഥിതി ചർച്ച ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button