Uncategorized

യുപിയിൽ കാവഡ് യാത്രക്കാരുടെ മർദനം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ മിനി ട്രക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ആൾക്കൂട്ടത്തിൻ്റെ മർദനമേറ്റ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. മുറാദാബാദ് സ്വദേശിയും 24കാരനുമായ അസീമാണ് കൊല്ലപ്പെട്ടത്. ഡൽഹി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആഗസ്റ്റ് നാലിനാണ് അന്ത്യം.

ജൂലൈ 31ന് മുറാദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന മിനി ട്രക്ക് കാവഡ് യാത്രികരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടർന്നുണ്ടായ തർക്കത്തിനിടെ കാവഡ് യാത്രികർ അസീമിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അസീമിനെ സമീപപ്രദേശമായ ഗർമുക്തേശ്വറിലെ നഴ്സിങ് ഹോമിലെത്തിക്കുകയും പിന്നീട് മീററ്റിലെ എസ്എസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തലക്കും മുതുകിനുമേറ്റ പരിക്കിനെ തുടർന്ന് ബോധം നഷ്ടമാവും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്‌തതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു‌. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

അസീമിനെ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയും അര ഡസനോളം കാവഡ് യാത്രക്കാർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവരുടെ ആൾക്കൂട്ട മർദനമാണ് അസീമിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അസീം മനപ്പൂർവം ഓട്ടോറിക്ഷയിലേക്ക് വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് ഓട്ടോ ഡ്രൈവറിൻ്റെ പിതാവിന്റെ പരാതിയിൽ അസീമിനെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഇതേവരെ അറസ്റ്റുകളും രേഖപ്പെടുത്തിയില്ലെന്ന് ഗർമുക്തേശ്വർ പൊലീസ് അറിയിച്ചു. മർദനമേറ്റതിന് പിന്നാലെയുണ്ടായ പരിക്കുകളാണ് അസീമിന്റെ മരണകാരണമെന്നും പൊലീസ് പറഞ്ഞു. അസീമിന്റെ പിതാവ് ഇംതിസാറിന്റെ പരാതിയിൽ ജൂലൈ 31നാണ് പൊലീസ് സംഭവത്തിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓട്ടോ ഡ്രൈവർ ഫർമാനും കാവഡ് യാത്രികരെന്ന് സംശയിക്കുന്ന അങ്കിത്, ലോകേഷ്, മനീഷ്, ശിവം എന്നിവരും തിരിച്ചറിയാത്ത മറ്റ് രണ്ടുപേർക്കുമെതിരെയാണ് എഫ്ഐആർ. കൊലപാതകശ്രമം, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്.

ജൂലൈ 31ന് മുറാദാബാദിൽ നിന്ന് ഡൽഹിയിലേക്ക് കച്ചവടാവശ്യാർത്ഥം പോയതായിരുന്നു അസീമെന്ന് ഇംതിസാർ പറഞ്ഞു. യാത്രയ്ക്കിടെ ബ്രിജിഘട്ട് ടോൾ പ്ലാസയ്ക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുമായി അബദ്ധത്തിൽ മിനി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അസീമിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ഓട്ടോ ഡ്രൈവറും മറ്റുള്ളവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പിതാവ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

ഗർമുക്തേശ്വറിലെയും മീററ്റിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ചികിത്സയ്ക്ക് ശേഷം എസ്എസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതാണ് തൊട്ടടുത്തെ വലിയ സിറ്റി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിരുന്ന സമയത്ത് അസീമിന് ബോധം പോലുമുണ്ടായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്നതിനാലാണ് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നിട്ടും കാര്യമുണ്ടായില്ല. ചൊവ്വാഴ്‌ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു’. ഇംതിസാർ വ്യക്തമാക്കി.

സംഭവിച്ചതെന്താണെന്ന് വിശദമായി പറയാൻ പോലും മകന് സാധിച്ചില്ലെന്ന് പിതാവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button