യുദ്ധക്കുറ്റവാളിയെന്ന് ഐസിസി പ്രഖ്യാപിച്ച നെതന്യാഹുവിന് യുഎന്നിൽ ചുവപ്പ് പരവതാനി; ഫലസ്തീൻ പ്രസിഡന്റിന് വിസ നിഷേധിച്ച് യുഎസ്

ന്യൂയോർക്ക്: ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ പ്രസംഗിച്ചപ്പോൾ, ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് പ്രവേശനാനുമതി നിഷേധിച്ച് അമേരിക്ക. യുഎസ് ഭരണകൂടം വിസ നിഷേധിച്ചതിനെ തുടർന്ന് മഹമൂദ് അബ്ബാസിന് ന്യൂയോർക്കിലെ പൊതുസഭാ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. തുടർച്ചയായ രണ്ടാം വർഷമാണ് അബ്ബാസിനും ഫലസ്തീൻ പ്രതിനിധി സംഘത്തിനും യുഎസ് വിസ നിഷേധിക്കുന്നത്. ഇത്തവണയും അദ്ദേഹം വീഡിയോ കോൺഫറൻസ് വഴിയാണ് പൊതുസഭയെ അഭിസംബോധന ചെയ്തത്.
1947-ലെ ‘യുഎൻ ആസ്ഥാന കരാർ’ പ്രകാരം അംഗരാജ്യങ്ങളുടെയും നിരീക്ഷക രാജ്യങ്ങളുടെയും പ്രതിനിധികൾക്ക് ന്യൂയോർക്കിലേക്ക് പ്രവേശനം അനുവദിക്കാൻ യുഎസ് ബാധ്യസ്ഥരാണ്. എന്നാൽ ഈ കരാർ ലംഘിച്ചുകൊണ്ടാണ് യുഎസ് നടപടി. യുഎൻ ആതിഥേയ രാജ്യമെന്ന പദവി ഉപയോഗിച്ച് രാഷ്ട്രീയ സമ്മർദം ചെലുത്തുകയും ഫലസ്തീൻ നേതാക്കളുടെ യാത്രാനുമതികളും സംഘത്തിന്റെ വലുപ്പവും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സമീപനം മുമ്പും യുഎസ് സ്വീകരിച്ചിട്ടുണ്ട്. 1988-ൽ ഫലസ്തീൻ വിമോചന സംഘടനാ നേതാവ് യാസർ അറഫാത്തിനും സമാന രീതിയിൽ യുഎസ് പൊതുസഭയിൽ പങ്കെടുക്കാൻ വിസ നിഷേധിച്ചിരുന്നു.
പട്ടിണിയെ യുദ്ധതന്ത്രമായി ഉപയോഗിക്കുകയും സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമിടുകയും ചെയ്തുവെന്ന കുറ്റത്തിന് ഐസിസിയുടെ വാറണ്ട് നിലനിൽക്കുന്ന നേതാവിനെ ആതിഥേയ രാജ്യമായ യുഎസ് പൊതുസഭാ വേദിയിൽ സ്വാഗതം ചെയ്യുമ്പോൾ, വംശഹത്യ നേരിടുന്ന ഒരു ജനതയുടെ നിയമാനുസൃത നേതാവിന് അതേ അവസരം നിഷേധിക്കുകയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങളും അനധികൃത ഭൂമി കയ്യേറ്റങ്ങളും രൂക്ഷമായി തുടരുന്നതിനിടയിലാണ് യുഎസിന്റെ ഈ വിവേചനം.
ഗസ്സ മുനമ്പിൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ 2024 നവംബർ 21-നാണ് ബിന്യമിൻ നെതന്യാഹുവിനും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റോം ചട്ടത്തിൽ ഒപ്പുവെച്ച 120-ലധികം രാജ്യങ്ങൾക്ക് ഈ വാറണ്ട് നടപ്പാക്കാൻ ബാധ്യതയുണ്ടെങ്കിലും, അമേരിക്ക ഈ ഉടമ്പടിയുടെ ഭാഗമല്ല. ഈ പഴുത് ഉപയോഗിച്ചാണ് യുഎസ് നെതന്യാഹുവിന് ആതിഥേയത്വം വഹിക്കുന്നത്.
നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി. നെതന്യാഹു പ്രസംഗിക്കാനായി വേദിയിലേക്ക് നടന്നടുത്തതോടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സഭയിൽ നിന്നും കൂട്ടമായി ഇറങ്ങിപ്പോവുകയായിരുന്നു. പ്രകോപിതനായ നെതന്യാഹു വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു.
നെതന്യാഹുവിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി. ഹാളിൽനിന്ന് പുറത്തുപോയി പ്രതിഷേധിച്ചവരെ ഭീരുക്കളെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കിൽ അവരും ദയവായി ഇപ്പോൾ തന്നെ പുറത്തുപോകൂവെന്നും നെതന്യാഹു പറഞ്ഞു.
യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനെതിരെ ഐസിസി വാറണ്ട് വന്നപ്പോൾ ശക്തമായ നടപടികൾക്ക് സമ്മർദം ചെലുത്തിയ പാശ്ചാത്യ രാജ്യങ്ങൾ നെതന്യാഹുവിൻ്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ആംനസ്റ്റി ഇൻ്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഗസ്സയിലെ കുറ്റകൃത്യങ്ങൾക്ക് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ഉത്തരവാദികളായവർക്കെതിരെ അന്താരാഷ്ട്ര ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ തുർക്കിയും ആരംഭിച്ചിട്ടുണ്ട്.
നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതി വിചാരണ നേരിടേണ്ട യുദ്ധക്കുറ്റവാളിയാണെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പ്രതികരിച്ചു. നെതന്യാഹു ദി ഹേഗിലാണ് ഉണ്ടാകേണ്ടതെന്നും ന്യൂയോർക്ക് നഗരത്തിലെ നിയമങ്ങൾ അനുശാസിക്കുന്ന നടപടികൾ തങ്ങൾ കൈക്കൊള്ളുമെന്നും മേയർ വ്യക്തമാക്കി.




