ആറളത്ത് ആനപ്രതിരോധ ഫെൻസിങ് ചാർജ് ചെയ്തു; ആശ്വാസത്തിൽ നാട്ടുകാർ.

ആറളം:ആറളത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്തിന്റെയും വനവകുപ്പിന്റെയും സഹകരണത്തോടെ ജനകീയമായി സ്ഥാപിച്ച ആനപ്രതിരോധ ഫെൻസിങ് ചാർജ് ചെയ്തു. ആറളം പരമ്പത്തെ കണ്ടി മുതൽ പെരുമ്പഴശി കാപ്പുകടവ് വരെയുള്ള പുഴയോരത്താണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചത്.
ആഴ്ചകളോളം നാട്ടുകാരുടെയും പരിസരവാസികളുടെയും സഹകരണത്തോടെ പുഴയോരത്തെ കാടുകൾ വെട്ടിത്തെളിക്കുകയും പാഴ്മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വനവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ഫെൻസിങ് പൂർത്തിയാക്കി വൈദ്യുതി കണക്ഷൻ നൽകിയത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, പഞ്ചായത്ത് അംഗങ്ങളായ രജിതാ മാവില, സുമാ ദിനേശൻ, ഫോറസ്റ്റർ അശോകൻ, വനവകുപ്പ് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനകീയ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫെൻസിങ് യാഥാർത്ഥ്യമായതോടെ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നതും കൃഷിയിടങ്ങളിലെ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും തടയാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് പ്രദേശവാസികൾ.




