പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം, വിസ്തീര്‍ണം കുറയ്ക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 8,590 ചതുരശ്ര കിലോമീറ്റര്‍ ആയി കുറക്കണമെന്നാണ് കേരളത്തില്‍ പരിസ്ഥിതിലോല മേഖലകള്‍ വരുന്ന വില്ലേജുകളുടെ എണ്ണം 131 ല്‍ നിന്ന് 98 ആക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജൂലൈ 27നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തങ്ങളുടെ നിലപാടറിയിച്ചത്. പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ജനവാസമേഖലകളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവിലെ പരിസ്ഥിതി ലോല മേഖലകള്‍ ഉള്‍പ്പെട്ട 131 വില്ലേജുകളില്‍ നിന്ന് 33 എണ്ണം കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 9993.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം എന്നത് 8590 കിലോമീറ്ററാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 4 വില്ലേജുകളും ഇടുക്കി ജില്ലയില്‍ 54 വില്ലേജുകളുമുണ്ട്. ഈ പ്രദേശത്തെ ചില വില്ലേജുകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ചില അവസരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നു. 60 ദിവസങ്ങളാണ് അഭിപ്രായം അറിയിക്കാന്‍ നല്‍കിയിരുന്നത്. ആ സമയപരിധിയും ഇന്ന് അവസാനിക്കാനിരിക്കുകയാണ്.



