പോത്തൻകോടേക്കുള്ള സ്ഥലംമാറ്റം വടക്കോട്ട് ആക്കണം; ആലപ്പുഴ സൗത്ത് സിഐക്കെതിരെ നടപടിആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: ആലപ്പുഴ സൗത്ത് സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം പോത്തന്‍കോട് സ്റ്റേഷനിലേക്കുള്ള സിഐയുടെ സ്ഥലംമാറ്റം വടക്കന്‍ ജില്ലയിലേക്ക് ആക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. കഴിഞ്ഞദിവസം പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പോത്തന്‍കോട് സ്റ്റേഷനിലായിരുന്നു വിനീഷ്. പിന്നീട് ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരികയായിരുന്നു. അപേക്ഷിച്ചത് പ്രകാരം രണ്ട് ദിവസത്തിനകം പോത്തന്‍കോട് സ്റ്റേഷനിലേക്ക് തന്നെ മാറാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുമായി വാക്കേറ്റം ഉണ്ടാകുന്നത്.ഡല്‍ഹി ജന്തര്‍മന്തറിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പോസ്റ്റ് ഓഫീസിനുള്ളില്‍ കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഡിവൈഎസ്പി എത്തി സിഐയെ മടക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ വനിതാ പൊലീസ് കയ്യേറ്റം ചെയ്തുവെന്നും പരാതി ഉയര്‍ന്നിരുന്നു.




