ടാറ്റ നിക്ഷേപത്തിൽ നിരന്തരം കള്ളം പറയുന്ന മുഖ്യമന്ത്രി; വസ്തുതകൾ നിരത്തി നുണകൾ പൊളിച്ച് പി രാജീവ്

ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് നുണകൾ ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്. മുഖ്യമന്ത്രി വി ഡി സതീശന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളെ ഓരോന്നും വസ്തുതകൾ നിരത്തി പൊളിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിൽ പങ്കുവെച്ച വിശദമായ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും പതിനായിരം കോടി രൂപ മുടക്കാൻ പോകുകയാണെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ താനങ്ങനെയല്ല പറഞ്ഞതെന്ന ചെറിയ തിരുത്തുപോലും മുഖ്യമന്ത്രി നടത്തിയില്ലെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ടാറ്റയുടെ ഉയർന്ന ഉദ്യോഗസ്ഥർ തങ്ങൾ അങ്ങനെമൊരു നിക്ഷേപ പദ്ധതി ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി മാത്രമല്ല കേരളവും അപഹാസ്യരായെന്ന് അദ്ദേഹം കുറിച്ചു.
ആർസ്റ്റൻ ഹൈദരബാദിലെ ഒരു കമ്പനിയാണെന്നും ഇവരുടെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവർ സബ്സിഡറി കമ്പനിയായി മാറിയെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുമായി എൽഡിഎഫ് സർക്കാർ ചർച്ച നടത്തി, നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സുമായി എംഒയു ഒപ്പുവെച്ചു. ഒരു കാര്യം തീരുമാനമെടുക്കാതെ കിടക്കുന്നുണ്ടായിരുന്നു. അക്കാര്യത്തിൽ തീരുമാനമെടുത്തു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്.എൽഡിഎഫ് സർക്കാർ പോർട് ട്രസ്‌റ്റുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും അദ്ദേഹം പുറത്തുവിട്ടു. ഈ വസ്തുതകൾ എന്തിനാണ് മറച്ചുവെയ്ക്കുന്നതെന്ന് ചോദിച്ച അദ്ദേഹം നിക്ഷേപ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുംവിധം നുണപറയുന്നത് കേരളത്തിനെതിരാണെന്ന് നാട് തിരിച്ചറിയുമെന്നും ചൂണ്ടിക്കാട്ടി. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുതെന്നും പി രാജീവ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘വാർത്ത വന്നതെന്താ? ടാറ്റ ഈ ഗവൺമെന്റുമായി സംസാരിച്ചില്ലെന്നാണ്. ടാറ്റയുടെ കമ്പനി വന്ന് ഞാനുമായി സംസാരിക്കുന്നതിന്റെ ചിത്രം വരെ പുറത്തുവിട്ടു’ ഇതാണ് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചത്. എന്നാൽ, എന്തായിരുന്നു വിവാദം? അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും പതിനായിരം കോടി രൂപ മുടക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വാഭാവികമായും കേരളം അതേറ്റെടുത്തു. മാധ്യമങ്ങൾ സവിശേഷ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. താനങ്ങനെയല്ല പറഞ്ഞതെന്ന ചെറിയ തിരുത്തുപോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
വാർത്ത കണ്ട് തങ്ങൾ അമ്പരന്നുപോയെന്നും അങ്ങനെമൊരു നിക്ഷേപ പദ്ധതി തങ്ങൾ ആലോചിച്ചിട്ടുപോലുമില്ലെന്ന് ടാറ്റയുടെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രി മാത്രമല്ല കേരളവും അപഹാസ്യമായി. അപ്പോഴാണ് വിശദീകരണവുമായി വന്നത്. അതും പാളിപ്പോയി.
ഇനി വന്ന് കണ്ടത് ആരാണ്?ഈ രണ്ടു ചിത്രങ്ങൾ നോക്കു. രണ്ടിലും ഒരേ പോലെകാണുന്ന രണ്ടുപേരിൽ ഒരാളാണ് ആർസ്റ്റൻ എഞ്ചിനിയറിംഗ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ശശാങ്ക് എസ് ഝ. ആർസ്റ്റൻ ഹൈദരബാദിലെ ഒരു കമ്പനിയാണ്. ഇവരുടെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവർ സബ്സിഡറി കമ്പനിയായി മാറി. ഇവരുമായി എൽഡി എഫ് സർക്കാർ ചർച്ച നടത്തുകയും നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സ് മായി എംഒയു ഒപ്പുവെച്ചു. ആ കമ്പനി പ്രതിനിധികൾ സ്വാഭാവികമായും പുതിയ സർക്കാരുമായി courtesy visit നടത്തും.എന്നാൽ,’ഒരു കാര്യം തീരുമാനമെടുക്കാതെ കിടക്കുന്നുണ്ടായിരുന്നു. അക്കാര്യത്തിൽ തീരുമാനമെടുത്തു’ എന്ന ഇന്നത്തെ പ്രസ്താവനയും തെറ്റ്. ചിത്രത്തിൽ കാണുന്ന സർക്കാർ ഉത്തരവ് ഫെബ്രുവരിയിൽ പുറത്തിറങ്ങിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുസ്ഥാപനങ്ങളും തമ്മിൽ വിശദമായ ധാരണപത്രത്തിൽ ഒപ്പുവെയ്ക്കുന്ന ചിത്രമാണ് ഒടുവിലുള്ളത്. എൽഡി എഫ് സർക്കാർ പോർട് ട്രസ്‌റ്റുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും ഇതിനൊപ്പമുണ്ട്. ഇതിനെ തുടർന്ന് അവിടെ പ്രാരംഭ നടപടികളും തുടങ്ങി. ഈ വസ്തുതകൾ എന്തിനാണ് മറച്ചുവെയ്ക്കുന്നത്. നിക്ഷേപ അന്തരിക്ഷത്തെ ദുർബലപ്പെടുത്തുംവിധം നുണപറയുന്നത് കേരളത്തിനെതിരാണെന്ന് നാട് തിരിച്ചറിയും. കഴിഞ്ഞ സർക്കാർ തുടങ്ങിയ കാര്യം തുടർച്ചയിൽ തങ്ങൾ മുന്നോട്ടുപോകുമെന്ന് വ്യവസായമന്ത്രി പറഞ്ഞത് ശരി. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുത്.




