വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപനത്തിൽ അതൃപ്തി; എം ലിജു മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ എക്‌സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാന്‍ മന്ത്രി എം ലിജു വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. എക്‌സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭാ മന്ദിരത്തിലായിരിക്കും ഇരുവരും കൂടിക്കാഴ്ച്ച നടത്തുക.
വകുപ്പ് മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താത്തതിലെ പ്രതിഷേധമറിയിക്കാനാണ് എം ലിജു മുഖ്യമന്ത്രിയെ കാണുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം തന്നോട് കൂടിയാലോചിച്ചില്ല എന്ന ചോദ്യമാണ് എക്‌സൈസ് മന്ത്രി എം ലിജു ഉയര്‍ത്തുന്നത്. എക്‌സൈസിന്റെ ഏറ്റവും പ്രധാനപ്പെട്ട മധ്യനയത്തില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ അത് കോണ്‍ഗ്രസ് രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനമാണ് അത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയ്ക്ക് അകത്തും നടന്നിട്ടില്ല. അങ്ങനെ വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ നികുതിയിളവ് പ്രഖ്യാപിച്ചതിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്. സർക്കാർ നീക്കത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും സിറോ മലബാര്‍ സഭയും രംഗത്തെത്തി. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആരോപിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമാണെന്നും പാംപ്ലാനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ നയം പാളിപ്പോയെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘മദ്യനയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു അഭിപ്രായമേയുള്ളൂ. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കണമെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ചെറിയ മീനിനെ ഇട്ടുകൊടുത്ത് വലിയ മീനിനെ പിടിക്കുന്ന രീതിയായി പോകുമോ എന്ന് സംശയമുണ്ട്. വീര്യം കുറഞ്ഞ മദ്യം, വീര്യം കൂടിയ മദ്യം എന്നിങ്ങനെ രണ്ട് കാറ്റഗറി തിരിക്കുന്നത് എന്തിനാണ്’, യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് ചോദിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ എ പി സമസ്തയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വീര്യം കുറയരുതെന്നും ഒരു വശത്ത് ഓപ്പറേഷന്‍ തൂഫാനും മറുവശത്ത് മദ്യവ്യാപനത്തിന് പഴുതൊരുക്കുന്ന നടപടിയുമാണ് സര്‍ക്കാരിന്റേതെന്ന് മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലൂടെ സമസ്ത വിമര്‍ശിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ടുദിവസം മുമ്പാണ് നിശ്ചയിച്ചത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.




