വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്, പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജി

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടിമുടി സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെ നിയമിച്ചു.
തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയായിരുന്നു നിയമിച്ചിരുന്നത്. നാരായണന്‍ അസൗകര്യം അറിയിച്ചതോടെ ഇത് പരിഗണിച്ചാണ് മാറ്റം. തൃശൂർ റെയ്ഞ്ചിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.




