ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവം; കൊലപാതക ശ്രമമെന്ന് പൊലീസ്
ബാഗൽകോട്ട്: പാർസലായി എത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവം കൊലപാതക ശ്രമമെന്ന് കണ്ടെത്തി പൊലീസ്. കർണാടകയിലെ ബാഗൽകോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളായിരുന്നു അറ്റു പോയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ വന്ന പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. ഹെയർ ഡ്രയറിനകത്ത് സ്ഫോടക വസ്തു വെച്ച് പാർസൽ അയച്ച ഗ്രാനൈറ്റ് കമ്പനി സൂപ്പർവൈസർ സിദ്ധപ്പയെ പൊലീസ് അറസ്റ്റു ചെയ്തു.
അപകടത്തിനിരയായ ബസവരാജേശ്വരിയുമായി അറസ്റ്റിലായ സിദ്ധപ്പ അടുപ്പത്തിലായിരുന്നു . ഈ ബന്ധത്തെ ബസവരാജേശ്വരിയുടെ അയൽവാസി ശശികല എതിർത്തിരുന്നു. എതിർപ്പിനെ തുടർന്നുള്ള പ്രതികാരമായാണ് ശശികലയെ വകവരുത്താൻ സിദ്ധപ്പ ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ സംഘടിപ്പിക്കുകയും ഹെയർ ഡ്രയറിൽ ഘടിപ്പിച്ചു ശശികലയുടെ വിലാസത്തിൽ പാർസൽ അയക്കുകയും ചെയ്തത്. എന്നാൽ ശശികലയക്ക് പകരം ബസവ രാജേശ്വരി അപകടത്തിൽപ്പെടുകയായിരുന്നു.