Uncategorized

കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല

തിരുവനന്തപുരം: നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. മാധ്യമങ്ങളെ അകത്തേക്ക് കയറ്റി വിടരുതെന്ന് പൊലീസിന് നിര്‍ദേശവും നല്‍കി. അതേസമയം സ്വകാര്യ വാഹനങ്ങള്‍ അകത്തേക്ക് കയറ്റി വിടുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും.

ഇ ഡി പരിശോധനയിലും സംഘര്‍ഷത്തിലും പ്രതികരിക്കാത്ത വി ഡി സതീശന്റെ നിലപാട് വിവാദമാവുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരിക്കാന്‍ വി ഡി സതീശന്‍ തയ്യാറായിട്ടില്ല. 12 തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് കടന്നുപോയത്. ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി ചോദിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രസംഗം. കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിലും ആകാംക്ഷയുണ്ട്. സഭയില്‍ എത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button