ഇഎം രാധയ്ക്ക് വിട; മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന്

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ ഒൻപത് മണി മുതലാണ് പൊതുദർശനം. രാധയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വെച്ച് നടക്കും. മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളായ ഇഎം രാധ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. വയോജന കമീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന 73-കാരിയായ ഇഎം രാധ, അർബുദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തർജനത്തിന്റെയും മകളാണ് ഇഎം രാധ. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായിരുന്നു.ഇഎംഎസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ.എം.എസ് – മകളുടെ ഓർമകൾ’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇ.എം.എസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെയാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ദേശാഭിമാനിയുമായി രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ബന്ധമുണ്ടായിരുന്നു ഇഎം രാധയ്ക്ക്. 1988-ൽ സീനിയർ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച അവർ സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ, കാഷ്യർ, പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. 2012-ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്ന ഇ.എം. രാധ, വനിതാ കമീഷൻ മുൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും അവകാശങ്ങൾക്കായി നിലകൊണ്ട വ്യക്തിത്വത്തെയാണ് കേരളത്തിന് നഷ്ടമായത്.




