Uncategorized

കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; പിഎസ്‌സി ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ വലഞ്ഞ് യുവതി

പാലക്കാട്: പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ വലഞ്ഞ് യുവതി. സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപക തസ്തികയില്‍ നിയമനം ലഭിച്ച തരൂര്‍ സ്വദേശിയാണ് ദുരിതത്തിലായിരിക്കുന്നത്. ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെ കെ ടെറ്റ് യോഗ്യതയില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. 2028നുള്ളില്‍ കെടെറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്ന ഉത്തരവ് നിലനില്‍ക്കെയാണ് വിചിത്ര നടപടി.

സെറ്റ്, നെറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താന്‍ പരീക്ഷയെഴുതിയതെന്നും നിയമന ഉത്തരവ് കൈപ്പറ്റിയതെന്നും യുവതി പറയുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയപ്പോള്‍ കെടെറ്റ് യോഗ്യത ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. 2028നകം കെടെറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്ന നിര്‍ദേശമുണ്ടെങ്കിലും തനിക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും യുവതി വിശദീകരിച്ചു.

2021ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി ജോലിക്കായി ശ്രമിച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സെറ്റോ നെറ്റോ യോഗ്യത മതിയായിരുന്നു. പരീക്ഷയില്‍ 46ാം റാങ്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് നിയമന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്. എന്നാല്‍ യുവതിയെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നും നിര്‍ദേശമുണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് പിഎസ്‌സിയെ സമീപിച്ചു. കെടെറ്റ് സര്‍ട്ടിഫിക്കറ്റ് 2028നുള്ളില്‍ മതിയെന്നായിരുന്നു പിഎസ്‌സി നിര്‍ദേശിച്ചതെങ്കിലും നിയമനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഒടുക്കം വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് യുവതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button