കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി: ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ(28) തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ(21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം.
പൊറ്റക്കുഴിയിൽ ഒരു വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാരായ യുവാക്കൾ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽവെച്ച് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.




