ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിലെത്തും

ഇടുക്കി: ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനായി കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിലെത്തും. വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തുന്നത്. ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
വനംവകുപ്പിലെ നാല് വെറ്ററിനറി സർജൻമാർ, ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ, മൂന്നാർ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം. അരികൊമ്പനെ പിടികൂടിയ മേഖലയിൽ തന്നെയാണ് ചക്കകൊമ്പൻ ദൗത്യവും ഒരുങ്ങുന്നത്. ആനയെ ഏതാനും ദിവസം നിരീക്ഷിച്ചതിനു പിന്നാലെ ആരോഗ്യം, കാലാവസ്ഥ, പ്രദേശത്തിന്റെ പ്രത്യേകത തുടങ്ങിയവ എല്ലാം പരിഗണിച്ച ശേഷമാവും ദൗത്യം നടപ്പിലാക്കുക.സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇന്ന് ചിന്നക്കനാൽ സന്ദർശിക്കും. ചിന്നക്കനാൽ, സിങ്ക്കണ്ടം മേഖലകളിലെ ഭൂമി പ്രശ്നങ്ങളും ഒഴിപ്പിക്കൽ നടപടികളും പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ഇതിൽ പ്രശ്നങ്ങൾ പഠിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് നേതാക്കളുടെ സന്ദർശനം.




