വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ വി ജി വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ വി ജി വിനോദ് കുമാറിനെ മാറ്റി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന ഡിജിപിയുടെ സ്പെഷ്യൽ ടീമിൽ ആണ് വി ജി വിനോദ് കുമാറിനെ നിയമിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് തൊട്ടുപിന്നാലെ ഉത്തരവ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകുകയായിരുന്നു.
പോക്സോ കേസ് അട്ടിമറി, വാഹനാപകടക്കേസിലെ വ്യാജ എഫ്ഐആർ, വനിതാ എസ്ഐമാർക്ക് അശ്ലീല സന്ദേശം അയക്കൽ തുടങ്ങി പലവിധ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് പത്തനംതിട്ട മുൻ എസ്പി ആയിരുന്ന വി ജി വിനോദ് കുമാർ. അത്രയും കുപ്രസിദ്ധനായ ഉദ്യോഗസ്ഥനെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എസ്പി ആയി അടുത്തിടെ സർക്കാർ നിയമിച്ചു. സേനയ്ക്ക് ഉള്ളിൽ ഏറെ അമർഷം ഉണ്ടാക്കിയ നടപടിക്ക് പിന്നാലെയാണ് അടുത്ത ഉത്തരവ് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇറങ്ങിയത്.




