എക്സൈസിനെ കണ്ട് പ്രതി ഓടി; പിന്നാലെ കൂടി ഉദ്യോഗസ്ഥനായ ദീര്‍ഘദൂര ഓട്ടക്കാരനും, ഒടുവില്‍ പൊക്കി

കല്‍പ്പറ്റ: ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ നാടകീയ സംഭവങ്ങള്‍. ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ എക്സൈസിലെ ദീര്‍ഘദൂര ഓട്ടക്കാരന് മിനിറ്റുകളോളം പിന്തുടര്ന്ന് പിടികൂടി. കഴിഞ്ഞ മാസം പതിനഞ്ചാം തീയ്യതി പടിഞ്ഞാറത്തറയിലെ ഒരു വീട്ടില്‍നിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയിരുന്നു. ഈ സംഭവത്തിലെ മുഖ്യപ്രതിയായ പടിഞ്ഞാറത്തറ വാരാമ്പറ്റ സ്വദേശിയായ ഐക്കാരന് വീട്ടില്‍ എ.കെ. സുബൈര്‍ (36) എന്നയാളെ കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദും ഉള്‍പ്പെട്ട അന്വേഷണസംഘം കോഴിക്കോട് കൊയിലാണ്ടിയിലുള്ള കോര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടുന്നതിനിടെയായിരുന്നു നാടകീയ സംഭവം. പ്രതിക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശിയായ കൊപ്പര വീട്ടില്‍ ഷിയാസ് മുസ്തഫ (27) എന്നയാളെയും പ്രതിയോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.
എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന ദീര്‍ഘദൂര ഓട്ടക്കാരന് കൂടിയായ ഓ. ഷാഫി പ്രതിയെ പിന്തുടര്ന്നത്. മിനിറ്റുകളോളം പിന്നാലെ കൂടി പിടികൂടുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. സുബൈര്‍ മാനന്തവാടി എക്സൈസില്‍ 5.814gm മെത്താംഫിറ്റമിന്‍ പിടികൂടിയ കേസിലെ പ്രതിയാണ്. ഷിയാസ് മുസ്തഫയെ സുല്‍ത്താന്‍ ബത്തേരി പോലീസ് 8.25 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, ജോണ്‍ ജോസ് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം. അനിത എന്നിവരങ്ങിയ സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.




