Uncategorized

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ; ചരിത്രനേട്ടം കൈവരിക്കാനായത് 49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും കൊണ്ട്

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും സഞ്ചരിച്ചാണ് പേടകം ഈ നേട്ടം കൈവരിച്ചത്.

മണിക്കൂറില്‍ 61,000 കിലോമീറ്റര്‍ വേഗതയില്‍ സൗരയൂഥത്തിന് പുറത്തേക്ക് കുതിച്ച വോയേജര്‍ 1 പേടകം ഇന്ന് എത്തിനില്‍ക്കുന്നത് ഭൂമിയില്‍ നിന്ന് ഒരു പ്രകാശ ദിനം അകലെ. അതായത് പേടകത്തില്‍ നിന്ന് ഒരു പ്രകാശം പുറപ്പെട്ടാല്‍ അത് ഭൂമിയിലെത്താന്‍ ഒരു ദിവസം എടുക്കുമെന്ന് ചുരുക്കം. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.46നാണ് വോയേജര്‍ – 1 ദൗത്യം ഈ നേട്ടം കൈവരിച്ചത്. ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മ്മിതമായ വസ്തുവെന്ന ബഹുമതിയും വോയേജര്‍ 1 പേടകത്തിനാണ്. 49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും മുന്‍പ്, 1977 സെപ്റ്റംബര്‍ 5-നാണ് ഫ്‌ലോറിഡയിലുള്ള കേപ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് വോയേജര്‍ 1 അതിന്റെ ചരിത്ര ദൗത്യം ആരംഭിച്ചത്. ഇത്രയും വര്‍ഷത്തിന് ശേഷവും പേടകം നാസയുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.ഭാവിയില്‍ എപ്പോഴെങ്കിലും ഈ പേടകം കണ്ടെത്തുന്ന അന്യഗ്രഹ നാഗരികതയ്ക്ക് മനുഷ്യരാശിയെ പരിചയപ്പെടുത്താനായി 12 ഇഞ്ച് സ്വര്‍ണ്ണം പൂശിയ ചെമ്പ് ഡിസ്‌കായ ‘ഗോള്‍ഡന്‍ റെക്കോര്‍ഡും’ ഇതില്‍ സൂക്ഷിച്ചിട്ടുണ്ട്. 115 ചിത്രങ്ങള്‍, പ്രകൃതിദത്ത ശബ്ദങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത ശേഖരങ്ങള്‍, 55 ഭാഷകളിലെ ആശംസകള്‍ എന്നിവയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button