കാനഡയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം; കൊലപാതകക്കുറ്റത്തിന് കേസെടുത്ത് പൊലിസ്

ഒട്ടോവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ലാംഗ്ലിയിൽ കത്തിയ കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ വംശജനായ യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചു. സറേ സ്വദേശി തുഷാർ ശർമ്മയാണ് (25) കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലിസ് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ശക്തമാക്കി.
ഒക്ടോബർ 29-ന് രാത്രി 10.30-ഓടെയാണ് ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റ് പ്രദേശത്ത് കാർ കത്തുന്നതായി പൊലിസിന് വിവരം ലഭിച്ചത്. ലാംഗ്ലി പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് മരിച്ചത് തുഷാർ ശർമ്മയാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയിട്ടുണ്ട്. തുഷാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ ക്രമവും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്. തുഷാറിന് കാനഡയിൽ ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നുമില്ലെന്നും വലിയ സൗഹൃദവലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലിസ് വ്യക്തമാക്കി. മരിക്കുന്നതിന് മുമ്പ് തുഷാർ എവിടെയായിരുന്നുവെന്നും ആരൊക്കെയായാണ് സമ്പർക്കം പുലർത്തിയതെന്നും കണ്ടെത്താൻ ശ്രമം തുടരുന്നു.
കൃത്യത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വാഹനത്തിന് തീയിട്ടതിന്റെ ഉദേശ്യം എന്താണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവസമയത്ത് റോളിൻസൺ ക്രസന്റ് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരോ, സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉടൻ തന്നെ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.




