Uncategorized

‘ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടി മുറിയിലും കോടതിയിലും ഇല്ല’; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ വീണ്ടും ട്വിസ്റ്റ്, എസ്എച്ച്ഒയുടെ മൊഴി

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിലെ വഴിത്തിരിവിന് പിന്നാലെ പൊലീസ് വീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന തെളിവ് കാണാനില്ല. യുവതി തൂങ്ങിമരിക്കാൻ ഉപയോഗിച്ച തുണി (ഷാൾ) കാണാനില്ലെന്ന് നിലവിലെ ഏനാത്ത് സ്റ്റേഷൻ ഹൌസ് ഓഫീസറുടെ മൊഴി. ഷാൾ കോടതിയിലും ഏനാത്ത് സ്റ്റേഷനിലെ തൊണ്ടിമുറിയിലും ഇല്ല. ഷാൾ ഏനാത്ത് സ്റ്റേഷനിലെ തൊണ്ടിമുറിയിൽ ഇല്ലെന്ന് നിലവിലെ എസ്എച്ച്ഒ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.

സഹപ്രവർത്തകയുടെ മരണത്തിൽ എട്ടുമാസം മുൻപാണ് ആത്മഹത്യാപ്രേരണയ്ക്ക് സുഹൈൽ അറസ്റ്റിലാകുന്നത്. പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ സുഹൈലിന്‍റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. ഏനാത്ത് പൊലീസ് തന്നെ കള്ളകേസിൽ കുടുക്കിയതാണെന്ന സുഹൈലിന്റെ പരാതിയിലാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം. സുഹൈലിന്‍റെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് പൊലീസ് വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നത്.

മരിക്കും മുൻപ് യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുഹൈലിന്റെ അറസ്റ്റിലേക്ക് നയിച്ച ആത്മഹത്യാക്കുറിപ്പുകളിലും ദുരൂഹത തുടരുകയാണ്. ഇതിനിടെ കേസിൽ ഏനാത്ത് പൊലീസിന്‍റെ വീഴ്ച ആരോപിച്ച് സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. യുവതിക്ക് ഭർത്താവിൽ നിന്ന് മര്‍ദ്ദനമേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്നതാണ് വീഡിയോ. യുവതിയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സി.ഐ എസ്ഐയോട് പറയുന്ന സ്‌റ്റേഷനിലെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്. സംഭവം നടന്ന 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് മരിച്ച യുവതിക്ക് മര്‍ദ്ദനമേറ്റതിനെ കുറിച്ച് സിഐ സംസാരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button