Uncategorized

2.6 കോടി തട്ടിയ ഡിജിറ്റല്‍ അറസ്റ്റ് അന്വേഷണം, എത്തിയത് 27,850 കോടിയുടെ ഭീമന്‍ തട്ടിപ്പ് സംഘത്തില്‍

ന്യൂഡല്‍ഹി: ഗോവയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ സ്ത്രീയുടെ പക്കന്‍ നിന്ന് 2.6 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണം ഇഡിയെ എത്തിച്ചത് ഭീമന്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയില്‍. ആള്‍മാറാട്ടം നടത്തി 10 ദിവസം കൊണ്ടായിരുന്നു നോര്‍ത്ത് ഗോവ സ്വദേശിയായ സ്ത്രീയില്‍ നിന്നും സംഘം 2.6 കോടി രൂപ തട്ടിയെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ അന്വേഷണം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എത്തിച്ചേര്‍ന്നത് ഏകദേശം 27,850 കോടി ബാങ്ക് ഇടപാടുകളും 2,904 കോടി ബാങ്ക് ഡെപ്പോസിറ്റുമുള്ള വലിയ തട്ടിപ്പ് ശൃംഘലയിലേക്കായിരുന്നു.തട്ടിപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇരയുടെ പണം സജീവമല്ലാത്തതും പുതുതായി തുടങ്ങിയതുമായ ബാങ്ക് അക്കൗണ്ടുകളിലൂടെ വകമാറ്റിയതായും, 400-ലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലായി വിഭജിച്ച് നിക്ഷേപിച്ചതായും ഇഡി കണ്ടെത്തിയിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ബാങ്ക് അക്കൗണ്ടുകളിലെ ക്രെഡിറ്റില്‍ നിന്ന് ആദ്യം പണമായും പിന്നീട് വിദേശ കറന്‍സിയായും മാറ്റിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത സംവിധാനത്തിലേക്കാണ് എത്തിച്ചതെന്നാണ് ആരോപിക്കപ്പെടുന്നത്.

പരസ്പരബന്ധിതമായ ചരക്ക്, വ്യാപാരം, യാത്ര, ഫോറെക്‌സ് സ്ഥാപനങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫുള്‍ ഫ്‌ലെഡ്ജ്ഡ് മണി ചേഞ്ചേഴ്സ് (എഫ്എഫ്എംസി) ആയി ലൈസന്‍സ് ചെയ്ത കമ്പനികള്‍ എന്നിവ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു. തട്ടിപ്പ് സംഘത്തിന്റെ നിക്ഷേപത്തില്‍ 584.70 കോടി രൂപ വിവിധ സ്ഥലങ്ങളിലെ ക്യാഷ് ഡെപ്പോസിറ്റ് മിഷീന്‍ വഴിയാണ് നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫാഹിം മൊയിന്‍ ഹുസൈന്‍ സെയ്ദ്, നയിം മുയീന്‍ സെയ്ദ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

417.49 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 330 പരാതികളും 163 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അത്തരം 101 പരാതികളില്‍, ഒരേ തട്ടിപ്പിനിടയില്‍ ഒരു ഇരയുടെ പണം ഒരേ ശൃംഖലയിലെ തന്നെ രണ്ടോ അതിലധികമോ സ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡി പറയുന്നു. ഗോവ മുംബൈ എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ 3.35 കോടി രൂപയും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും രജിസ്റ്ററുകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന്റെ പരിശോധന നടന്നു വരികയാണ്.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വ്യക്തികള്‍, ഡ്രൈവര്‍മാര്‍, ഒറ്റമുറിയില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് ഈ പണം കൈമാറ്റം ചെയ്യാനായി ഉപയോഗിച്ച പേപ്പര്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഡയറക്ടര്‍മാരായി കാണിച്ചിരുന്നെങ്കിലും, കമ്പനികളുടെ അക്കൗണ്ടുകളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button