ഇരിട്ടി പുഴയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

ഇരിട്ടി: ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തുന്ന മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ഇരിട്ടി പാലത്തിന് സമീപമായിരുന്നു പരിശീലനം. പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേർ ഒഴുക്കിൽപ്പെട്ടതായുള്ള സാഹചര്യം സൃഷ്ടിച്ചായിരുന്നു രക്ഷാപ്രവർത്തനം.
രക്ഷാപ്രവർത്തകർ ഇവരെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇരിട്ടി ഡി.വൈ.എസ്.പി പി.കെ. ധനഞ്ജയ ബാബു, സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ഇരിട്ടി ലയൺസ് ക്ലബ്ബ്, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ നടന്നത്. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ് ഡി.വൈ.എസ്.പി പി.കെ. ധനഞ്ജയ ബാബു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് വിജി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ്, ഭാരവാഹികളായ സുരേഷ് അർഷ്യ, വി.പി. സതീശൻ, സുരേഷ് മിനൻ, സുരേഷ് ബാബു, രജീഷ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, പോലീസ്, ലയൺസ് ക്ലബ്, ഒരുമ റെസ്ക്യൂ ടീം, ഫയർഫോഴ്സ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.



