നിലത്തുകിടന്ന പടക്കം വായിലിട്ട് കടിച്ച രണ്ടുവയസുകാരൻ മരിച്ചു

റായ്പൂർ: ഛത്തീസ്ഡിൽ നിലത്തുകിടന്ന പടക്കം വായിലിട്ട് കടിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. നവപാര സ്വദേശി ഇന്ദ്രജിത് മാഞ്ചിയുടെ മകൻ ആദിത്യയാണ് മരിച്ചത്. നവംബർ ഒമ്പതിന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.
അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആദിത്യ നിലത്തുകിടന്ന വെളുത്തുള്ളിയുടെ ആകൃതിയിലുള്ള ഒരിനം പടക്കം എടുത്ത് വായിലിടുകയായിരുന്നു. സാധാരണയായി നിലത്തടിക്കുമ്പോഴോ സമ്മർദം ചെലുത്തുമ്പോഴോ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം പടക്കങ്ങൾ. കുട്ടി പടക്കം വായിലിട്ട് കടിച്ചതോടെ ഇത് പൊട്ടിത്തെറിക്കുകയും മോണയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
അപകടത്തിന് പിന്നാലെ കുട്ടിയെ ഉടൻതന്നെ സീതാപൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്തസ്രാവം നിന്നതോടെ കുട്ടിയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. എന്നാൽ അടുത്ത ദിവസം വീണ്ടും രക്തസ്രാവം തുടങ്ങുകയും കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് നവംബർ 11-ന് ജില്ലാ ആസ്ഥാനമായ അംബികാപൂരിലെ സ്വകാര്യ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
പോസ്റ്റ്മോർട്ടം പരിശോധനയിൽ കുട്ടിയുടെ തൊണ്ടയിൽ പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പിതാവ് ഇന്ദ്രജിത് മാഞ്ചി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലിസ് അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.



