Uncategorized

സീലിങ് ലൈറ്റുകളുടെ മറവിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; കുവൈത്തിൽ 5.65 കിലോ കഞ്ചാവ് പിടികൂടി

കുവൈത്ത് സിറ്റി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സീലിങ് ലൈറ്റുകളെന്ന പേരിൽ കുവൈത്തിലേക്ക് കടത്തിയ രണ്ട് പാഴ്സലുകളിൽ നിന്ന് 5.65 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. കുവൈത്ത് എയർ കാർഗോ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിലെ പരിശോധനാ ഉദ്യോഗസ്ഥർ നടത്തിയ നടപടിയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പാഴ്സലുകളിലും സീലിങ് ലൈറ്റുകളാണുള്ളതെന്നാണ് രേഖകളിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പാഴ്സലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് കസ്റ്റംസ് അന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളുമായി ചേർന്ന് തുടർ നിയമനടപടികൾ ആരംഭിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. സുരക്ഷാ ഏജൻസികളുമായുള്ള ഏകോപനം കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button