‘കലൂരിലെ റാലി ബോൾഗാട്ടിയിലേക്ക് മാറ്റിച്ചത് പൊലീസ്, ഗതാഗത തടസത്തിന്റെ ഉത്തരവാദിത്വവും അവർക്ക് തന്നെ’; കേസിന് പിന്നാലെ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ്

കൊച്ചി: യൂത്ത് ലീഗ് റാലിക്കിടെ കൊച്ചിയിൽ ഗതാഗത തടസ്സമുണ്ടായ സംഭവത്തിൽ മുനവ്വറലി തങ്ങളും പി കെ ഫിറോസും ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കെതിരെ പൊലിസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ. കേസ് തങ്ങൾക്ക് പുത്തരിയല്ലെന്നും എന്നാൽ സംഭവത്തിലെ സത്യം വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും യൂത്ത് ലീഗ് നേതാവ് ടി പി എം. ജിഷാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. റാലി ആദ്യം കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പോലിസ് കമ്മീഷണറുടെ അടിയന്തര അഭ്യർത്ഥന മാനിച്ചാണ് വഴി മാറ്റിയതെന്നും അദ്ദേഹം കുറിച്ചു. മന്ത്രി ഗഫൂർ, അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കളുമായി കമ്മീഷണർ നടത്തിയ കൂടിക്കാഴ്ചയിലാണ് ബോൾഗാട്ടിയിൽ നിന്ന് റാലി തുടങ്ങിയാൽ ബ്ലോക്കില്ലാതെ കാര്യങ്ങൾ നിയന്ത്രിക്കാമെന്ന് പൊലിസ് അറിയിച്ചത്. ആവശ്യത്തിന് പൊലിസ് സേനയെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കാമെന്ന് കമ്മീഷണർ വാക്ക് നൽകിയതനുസരിച്ചാണ് അവസാന നിമിഷം ബോൾഗാട്ടിയിലേക്ക് റാലി മാറ്റിയതും വൈറ്റ് ഗാർഡ് അംഗങ്ങൾ പരമാവധി ഗതാഗതം സമാധാനപരമാക്കാൻ പരിശ്രമിച്ചതും. എന്നിട്ടും ഗതാഗത തടസ്സവും വീഴ്ചയും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ടവകാശത്തെ കൊലപ്പെടുത്തിയ ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള സമരപാതയാണിതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേർത്തു.




