കല്ലും മെറ്റലും എം-സാൻഡും കിട്ടാനില്ല, കേരളത്തിലെ നിര്‍മാണ മേഖല പ്രതിസന്ധിയില്‍, കാരണം തമിഴ്നാട്
റോഡ് നിർമാണം ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ പ്രതിസന്ധിയിൽ. നിർമാണ സാമഗ്രികൾക്ക് ഇരട്ടിവില നൽകേണ്ട അവസ്ഥ. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് കരാറുകാർ.

ഇടുക്കി: കേരളത്തിൽ നിർമാണ മേഖലയ്ക്ക് വീണ്ടും ‘കല്ലുകടി’. കല്ലും മെറ്റലും എം-സാൻഡും കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ പദ്ധതികൾ പലതും പാതിവഴിയിൽ വഴിമുട്ടുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധനം അയൽസംസ്ഥാനം വീണ്ടും നീട്ടിയതോടെ കേരളത്തിലെ നിർമാണ പ്രവൃത്തികൾ പൂർണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. കല്ല്, മെറ്റൽ, എം-സാൻഡ് തുടങ്ങിയ പ്രധാന നിർമാണ സാമഗ്രികൾക്ക് തമിഴ്നാടിനെ വൻതോതിൽ ആശ്രയിക്കുന്ന കേരളത്തിന് ഈ തീരുമാനം വൻ തിരിച്ചടിയായി മാറി.
നിർമാണ സാമഗ്രികളുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ വൻകിട പൊതുമരാമത്ത് പ്രവൃത്തികൾ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് തലത്തിലുള്ള റോഡ് വികസന പദ്ധതികൾ വരെ പാതിവഴിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
വീടുപണി പകുതിവഴിയിലായ സാധാരണക്കാരും, നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ കടുത്ത പ്രതിസന്ധിയിലാണ്. വമ്പൻ പ്രോജക്ടുകൾ ഏറ്റെടുത്തവർ നിശ്ചിത സമയത്തിനകം പണി തീർക്കാനാകാതെ പിഴയൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്. മെറ്റീരിയലുകളുടെ കടുത്ത ക്ഷാമം കാരണം ഉൽപന്നങ്ങളുടെ വില വിപണിയിൽ വൻതോതിൽ ഉയരാൻ തുടങ്ങിയതും കരാറുകാരുടെ നെഞ്ചുതീ കൂട്ടുന്നു.
നിര്‍മാണ മേഖലയെ രക്ഷിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി ഹൈറേഞ്ചിലെ നിർമാണ മേഖലയിലെ തൊഴിലാളികൾ രംഗത്തെത്തി. തൊഴിൽ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് കരാറുകാരുടെ ഇപ്പോഴത്തെ ആവശ്യം. ക്വാറി ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് തമിഴ്നാട് സർക്കാർ കഴിഞ്ഞ ജൂലൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം വീണ്ടും നീട്ടിയതാണ് ഇടുക്കിയിലെ നിർമാണ മേഖലയ്ക്ക് തിരിച്ചടിയായത്.
തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നുള്ള ഉത്പ്പന്നങ്ങളെയാണ് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖല പ്രധാനമായും ആശ്രയിച്ചിരുന്നത്. അതിർത്തി കടന്നുള്ള വിതരണത്തിന് നിയന്ത്രണം വന്നതോടെ പതിവായി ലഭിച്ചിരുന്ന നിർമാണ സാമഗ്രികളുടെ വരവ് നിലച്ചു. ഇതോടെ ക്വാറി ഉത്പ്പന്നങ്ങളെ ആശ്രയിച്ച് ആരംഭിച്ച നിരവധി നിർമാണ പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്.




