ഇന്ദിരാഗാന്ധിയുടെ വസതിയിലെ ദീപാവലി ആഘോഷങ്ങളുടെ ഓർമകൾ പങ്കുവെച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഡൽഹിയിലെ വസതിയായിരുന്ന സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വീട്ടിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചിരുന്ന കാലത്തെ ഓർമകൾ പങ്കുവെച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഞായറാഴ്ച സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് പഴയകാല ദീപാവലി ആഘോഷങ്ങളുടെ ഓർമകൾ സോണിയ പുതുക്കിയത്. മകൾ പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും കൊച്ചുമകൾ മിറായ വാദ്രയ്ക്കുമൊപ്പം പഴയ വസതിയിലെ പൂന്തോട്ടത്തിലിരുന്നാണ് സോണിയ ഗാന്ധി ഓർമകൾ പങ്കുവെച്ചത്.ദീപാവലി തനിക്ക് ഏറെ ഇഷ്ടമുള്ള ആഘോഷമാണെന്നും അക്കാലത്തെ ആഘോഷങ്ങൾ വളരെ മനോഹരമായിരുന്നുവെന്നും അവർ പറഞ്ഞു. വീടിന്റെ പ്രവേശനകവാടത്തിലുണ്ടായിരുന്ന ഗണപതി വിഗ്രഹം അലങ്കരിച്ചിരുന്നതും വീട്ടിലേക്കുള്ള വഴികളിലും മേൽക്കൂരയിലും മൺവിളക്കുകൾ തെളിച്ചിരുന്നതും സോണിയ ഓർത്തെടുത്തു. അക്കാലത്ത് ആളുകൾ വലിയ ആവേശത്തോടെയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നതെന്നും പടക്കങ്ങളിൽ പൂത്തിരിയോടായിരുന്നു തനിക്ക് പ്രത്യേക താൽപര്യമെന്നും അവർ കൊച്ചുമകളോട് പറഞ്ഞു.വർഷത്തിലെ ഈ സമയത്ത് അക്കാലത്ത് ആകാശം നീലനിറത്തിൽ തെളിഞ്ഞതും കാലാവസ്ഥ മനോഹരമായിരുന്നതും സോണിയ ഓർമിച്ചു. ഉത്സവദിവസങ്ങളിൽ കുടുംബം കശ്മീരി വിഭവങ്ങളായിരുന്നു പ്രധാനമായും കഴിച്ചിരുന്നതെന്നും സോണിയ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ദീപാവലിക്ക് പടക്കങ്ങൾ വാങ്ങാനായി കുടുംബത്തെ പഴയ ഡൽഹിയിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും ഓർത്തെടുത്തു.ദീപാവലിയുമായി ബന്ധപ്പെട്ട പഴയ ഓർമകളും പാരമ്പര്യങ്ങളും ആഘോഷങ്ങളും അതിനെ സവിശേഷമാക്കിയ കൊച്ചുകൊച്ചു നിമിഷങ്ങളും വീണ്ടും ഓർത്തെടുക്കുകയാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സോണിയ കുറിച്ചു. എല്ലാവർക്കും ദീപാവലി ആശംസകളും നേർന്നു.




