വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യത്തിന് വൈദ്യുതി, കണക്കുകൾ പുറത്ത്; കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ പീക്ക് ഡിമാൻഡ് കുറഞ്ഞു

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളിൽ വലിയ വിവാദങ്ങൾ തുടരുമ്പോൾ വൈദ്യുതി പ്രതിസന്ധിയില്ലാതെ നവംബറിന്റെ ആദ്യവാരം. മാസത്തിലെ ആദ്യ ദിവസങ്ങളിൽ വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യാനുസരണം വൈദ്യുതി ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ കുറവാണ് നിലവിൽ പീക്ക് ഡിമാൻഡ്. 5488 മെഗാവാട്ട് പീക്ക് ഡിമാൻഡാണ് കെഎസ്ഇബി പ്രവചിച്ചിരുന്നതെങ്കിലും, ആദ്യ അഞ്ച് ദിവസങ്ങളിൽ 521 മുതൽ 1008 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്.
വൈദ്യുതി ഉപയോഗവും കണക്കുകൂട്ടിയതിനേക്കാൾ കുറവാണ് ഉണ്ടായിട്ടുള്ളത്. 0.31 എംയു മുതൽ 8.7 എംയു വരെ ഉപഭോഗത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ കരാറുകളിലൂടെയും തത്സമയ വിപണിയിൽ നിന്നുമാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ഉപഭോഗം കുറഞ്ഞതിനെ തുടർന്ന് പകൽ സമയങ്ങളിൽ വൻതോതിൽ വൈദ്യുതി സറണ്ടർ ചെയ്യുന്നുമുണ്ട്. ആദ്യ അഞ്ച് ദിവസങ്ങളിൽ 8.59 എംയു മുതൽ 11.35 എംയു വരെ വൈദ്യുതിയാണ് ഇത്തരത്തിൽ സറണ്ടർ ചെയ്തത്. ഈ കണക്കുകൾ കൂടി വിലയിരുത്തിയാകും കേരളത്തിന് ഏത് കരാർ ആണ് വേണ്ടതെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുക. തത്സമയ വിപണിയിൽ ഫെബ്രുവരി വരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമെന്ന റിപ്പോർട്ടുകളും വിലയിരുത്തുമ്പോൾ കേരളത്തിന് പകലും രാത്രിയും വൈദ്യുതി വാങ്ങുന്ന തരത്തിലുള്ള ദീർഘകാല കരാർ ആവശ്യമാണോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.



