“എഥനോള്‍ അളവ് വേണമെങ്കില്‍ ഇനിയും വര്‍ധിപ്പിക്കും’, വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
നിലവിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള എഥനോൾ കലർത്തലിൻ്റെ തോത് 20 ശതമാനമാണെന്നും എന്നാൽ ഭാവിയിൽ ഇത് ഇനിയും വർധിപ്പിക്കാനാണ് കേന്ദ്ര തീരുമാനമെന്നും കേന്ദ്ര മന്ത്രി

തൃശൂർ: പെട്രോളിൽ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നു എന്ന ആരോപണങ്ങൾക്കിടെ, ഇന്ധനത്തിലെ എഥനോൾ മിശ്രിതത്തെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഇ20 പെ
ട്രോളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൻ്റെ പക്കൽ കൃത്യമായ ശാസ്ത്രീയ റിപ്പോർട്ടുകളുണ്ടെന്നും ആര് വേണമെങ്കിലും പരിശോധന നടത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാരോ കേരള സർക്കാരോ ഇതുമായി ബന്ധപ്പെട്ട് എന്ത് പരിശോധന വേണമെങ്കിലും നടത്തട്ടെയെന്ന് മന്ത്രി വെല്ലുവിളിച്ചു. നിലവിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള എഥനോൾ കലർത്തലിൻ്റെ തോത് 20 ശതമാനമാണെന്നും (E20), എന്നാൽ ഭാവിയിൽ ഇത് ഇനിയും വർധിപ്പിക്കാനാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്രീയമായ പ്രായോഗികത പൂർണമായും വിലയിരുത്തിയ ശേഷമേ ഈ വർധനവ് നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ വിഷയത്തിൽ ആരെങ്കിലും സാങ്കേതിക കുത്തിത്തിരിപ്പുകൾ നടത്താൻ ശ്രമിച്ചാൽ, അതിൻ്റെ തുരങ്കം ആർക്ക് വീഴുമെന്ന് വരും ദിവസങ്ങളിൽ കാണാം,” എന്ന് സുരേഷ് ഗോപി മുന്നറിയിപ്പ് നൽകി. കർണാടകയിലും കേരളത്തിലും പെട്രോളിലെ എഥനോൾ അളവിനെ ചൊല്ലി രാഷ്ട്രീയ വടംവലികളും ഉപഭോക്തൃ വകുപ്പിൻ്റെ മിന്നൽ പരിശോധനകളും നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘ഇരുപതാണ് ഞങ്ങൾ അംഗീകരിച്ചിട്ടുള്ള കണക്ക്, എന്നാൽ വേണമെങ്കില്ർ അത് വർധിപ്പിക്കും. കാലക്രമേണ വർധിപ്പിക്കാനാണ് തീരുമാനം. ശാസ്ത്രീയ പ്രായോഗികത നോക്കിയിട്ടാണ് വർധിപ്പിക്കുക. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്കുവീഴുമെന്ന് കാണാമെന്നും,’ അദ്ദേഹം പറഞ്ഞു.
പെട്രോളില്‍ എഥനോള്‍ 31.2% വരെ
ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിന് പകരം 31 ശതമാനത്തിലധികം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലുകൾ കർണാടക സർക്കാർ പുറത്തുവിട്ടിരുന്നു. രാജ്യത്ത് പെട്രോളില്‍ എഥനോള്‍ മിശ്രണം പരമാവധി 20 ശതമാനമായി നിശ്ചയിച്ചിരിക്കെ, കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ ഉയര്‍ന്നതായാണ് പരിശോധനാ റിപ്പോര്‍ട്ട്. അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലായി എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നതായി ആരോപിച്ച് കര്‍ണാടക ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി മന്ത്രി റിസ്വാന് അര്‍ഷാദ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നത്. ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബെംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമകൂരു എന്നീ ജില്ലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബെംഗളൂരുവിലെ ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. NABL അംഗീകാരവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമുള്ള ലബോറട്ടറിയിലാണ് പരിശോധന നടന്നത്.




