Uncategorized

മാരിടൈം ബിൽ; ‘മത്സ്യത്തൊഴിലാളികളോട് ചെയ്യുന്നത് ക്രൂരത, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളെല്ലാം യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു’: പിണറായി വിജയൻ

യുഡിഎഫ് സർക്കാർ പാസാക്കിയ മാരിടൈം ബില്ലിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതോടുകൂടി എല്ലാം മാറി മറിഞ്ഞതായി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

യുഡിഎഫ് മുൻതൂക്കം നൽകുന്നത് സ്വകാര്യവത്ക്കരണത്തിനാണെന്നും ഗവർണറുടെ നയപ്രസംഗത്തിലും സ്വകാര്യവത്ക്കരണത്തിനാണ് ഊന്നൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലും ഇതേ നിലപാട് അവർത്തിച്ചു. വിവിധ മേഖലകളിൽ ഇതേ നിലപാടാണ് സ്വീകരിച്ചു വരുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വലിയ രീതിയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആ ജനവിഭാഗത്തെ പിന്താങ്ങാനുള്ള ബാധ്യത സർക്കാരിനുണ്ട്. നാട് ദുരന്തം നേരിട്ടപ്പോൾ സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികളെന്നും പിണറായി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ ബുദ്ധിമുട്ടോടു കൂടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. എൽഡിഎഫ് സർക്കാർ വിവിധതരത്തിലുള്ള സമാശ്വാസ പദ്ധതികൾ തൊഴിലാളികൾക്കായി സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ വന്നതിനുശേഷം ശരിയായ രീതിയിൽ പദ്ധതികൾ തൊഴിലാളികൾക്ക് ലഭിച്ചില്ല. മത്സ്യത്തൊഴിലാളികളോട് ചെയ്യുന്നത് ക്രൂരതയാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ എല്ലാം യുഡിഎഫ് സർക്കാർ വെട്ടികുറച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യത്തൊഴിലാളികളോട് യുഡിഎഫ് സർക്കാർ കാണിക്കുന്ന മനോഭാവം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാരിടൈം ബിൽ പെട്ടെന്ന് ഉണ്ടായതല്ല. കോർപറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ ബില്ലാണ്. കടലും കടൽത്തീരവും മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ടത്.
അത് നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കടലും കടൽത്തീരവും കോർപറേറ്റുകൾക്ക് പിടിച്ചെടുക്കാൻ അധികാരം നൽകുന്ന ബില്ലാണ് മാരിടൈം ബിൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മാരിടൈം ബിൽ പാസാക്കിയത്. ടൗൺഷിപ്പ് ടൂറിസം എന്ന് കേൾക്കുമ്പോൾ നല്ലതായി തോന്നും. ഇതെല്ലാം എത്തുന്നത് കോർപറേറ്റുകളുടെ കയ്യിൽ. മത്സരത്തൊഴിലാളികളുടെ വള്ളവും വലയും ഇടമില്ലാതെ വരും.

തീരദേശം മത്സ്യത്തൊഴിലാളികളുടെ കൈകളിൽ നഷ്ടമാകുന്ന സ്ഥിതി വരും. തൊഴിലാളികളുടെ ആവാസ വ്യവസ്ഥയ്ക്ക് അങ്ങേയറ്റം വെല്ലുവിളി ഉണ്ടാക്കുന്ന ബില്ലാണിത്. മത്സ്യത്തൊഴിലാളികൾക്ക് നേരെ യുഡിഎഫ് സർക്കാർ കണ്ണടയ്ക്കുകയാണ്. അവരെ അവഗണിക്കുന്നു.
മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്താൻ യുഡിഎഫ് സർക്കാർ തയ്യാറായില്ലെന്നും പിണറായി വിജയൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button