പിതാവിന്റെ വഴിയേ ക്രിസ്റ്റ്യാനോ ജൂനിയർ; താരം പോർച്ചുഗൽ അണ്ടർ-17 ദേശീയ ടീമിൽ

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗലിന്റെ അണ്ടർ-17 ടീമിലേക്ക്. പതിനാറുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ ആദ്യമായാണ് പോർച്ചുഗലിന്റെ അണ്ടർ-17 ടീമിലേക്ക് എത്തുന്നത്. വരാനിരിക്കുന്ന അണ്ടർ-17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ഫിലിപ്പെ റാമോസ് പ്രഖ്യാപിച്ച 23 അംഗ ടീമിലാണ് കൗംമാരതാരം ഇടംപിടിച്ചത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ യൂത്ത് ടീമിനായാണ് താരം ബൂട്ട് കെട്ടുന്നത്.
ദേശീയ കുപ്പായത്തിൽ ആദ്യമായല്ല
പോർച്ചുഗൽ ദേശീയ കുപ്പായത്തിൽ ഇത് ആദ്യമായല്ല ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്. 2025 മേയിൽ അണ്ടർ-15 ടീമിനായി അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ജൂനിയർ ടീമുകളിൽ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു. ഇതുവരെ പോർച്ചുഗൽ യൂത്ത് ടീമുകൾക്കായി കളിച്ച 13 മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്. അണ്ടർ-15 തലത്തിൽ നാല് മത്സരങ്ങളിൽനിന്ന് രണ്ട് ഗോളും, അണ്ടർ-16 വിഭാഗത്തിൽ ഒമ്പത് മത്സരങ്ങളിൽനിന്ന് മൂന്ന് ഗോളുമാണ് സമ്പാദ്യം.ഈ സീസണിൽ അൽ നസർ യൂത്ത് ടീമിനായും തിളങ്ങുന്ന താരം ഏഴ് മത്സരങ്ങളിൽനിന്ന് മൂന്ന് ഗോളുകളും സ്വന്തമാക്കി.
ഒയ്‌റാസിലെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്താണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. നവംബർ 11-ന് നടക്കുന്ന ആദ്യ മത്സരത്തിൽ പോർച്ചുഗൽ അൻഡോറയെ നേരിടും. തുടർന്ന് നവംബർ 14-ന് ബൾഗേറിയയുമായും 17-ന് സെർബിയയുമായും ഏറ്റുമുട്ടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം.



