Uncategorized

‘മകൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം’: ഗുവാഹത്തി സർവകലാശാല വിദ്യാർഥിനി മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഷ്യോളജി വിദ്യാർഥിനി നിമിഷ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആസിഫ് അലി (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നിമിഷ തൂങ്ങിമരിച്ചതാണെന്നാണ് സുഹൃത്ത് അവകാശപ്പെടുന്നതെങ്കിലും, പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗരാൽ നഗരത്തിലെ ഒരു ഹോംസ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്.

മകൻ കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ശിക്ഷിക്കണമെന്നാണ് മുഹമ്മദ് ആസിഫ് അലിയുടെ അമ്മ പറയുന്നത്. അതേസമയം, യുവതിയുടെ മരണത്തിൽ കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ ഗരാലിലെ ഹോംസ്റ്റേയിലാണ് യുവതിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. യുവതിക്കൊപ്പം ഹോംസ്റ്റേയിൽ ഉണ്ടായിരുന്ന ആസിഫ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതി ആത്മഹത്യ ചെയ്‌തതാണെന്നാണ് ആസിഫ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി വിശ്വസിക്കുന്നില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഗുവാഹത്തി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ബോലിൻ ദേവോരി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോംസ്റ്റേ ഉടമ, ജീവനക്കാർ തുടങ്ങിയവരെയും ചോദ്യം ചെയ്യുന്നുണ്ട്.

യുവതിയുടെ ശരീരത്തിൽ പരുക്കുകളുടെ പാടുകളുണ്ടായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മകളെ ആക്രമിച്ചിരുന്നുവെന്നും കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷമാണ് കൊലപ്പെടുത്തിയതെന്നുമാണ് പിതാവ് ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

സംഭവത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെ യുവതി അമ്മയെ ഫോണിൽ വിളിച്ച് താൻ ആക്രമിക്കപ്പെടുകയാണെന്ന് അറിയിച്ചെന്നാണ് കുടുംബസുഹൃത്ത് പറയുന്നത്. കരഞ്ഞുകൊണ്ട് ജീവന് ഭീഷണിയുണ്ടെന്ന് യുവതി പറഞ്ഞതായും തുടർന്ന് ഫോൺ നഷ്ട‌പ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഈ വിവരവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാണ്.

ആസിഫും യുവതിയും ഏകദേശം അഞ്ച് വർഷമായി ബന്ധത്തിലായിരുന്നുവെന്ന് ആസിഫിന്റെ പിതാവ് പറഞ്ഞു. മകന്റെ ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നെങ്കിലും മതവ്യത്യാസം ചൂണ്ടിക്കാട്ടി അമ്മ ബന്ധത്തെ എതിർത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

യുവതി ഒരിക്കൽ ഈദ് ദിനത്തിൽ ആസിഫിന്റെ വീട്ടിലെത്തിയിരുന്നുവെന്നും കുടുംബത്തെ സംബന്ധിച്ച വ്യത്യാസങ്ങൾ അവരോട് വിശദീകരിച്ചിരുന്നുവെന്നും ആസിഫിന്റെ അമ്മ പറഞ്ഞു.സംഭവദിവസം ആസിഫിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പകൽ മുഴുവൻ വീട്ടിൽ വിശ്രമിച്ചശേഷം വൈകുന്നേരം പുറത്തുപോയെന്നും അമ്മ പറയുന്നു. തിരികെ വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മടങ്ങിയെത്തിയില്ലെന്നും അവർ പറഞ്ഞു.

മകന്റെ നിരപരാധിത്വം തെളിയണമെന്ന ആഗ്രഹത്തിനൊപ്പം, കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരം ശിക്ഷിക്കണമെന്ന നിലപാടിലാണ് ആസിഫിന്റെ അമ്മ. യുവതി അവസാനമായി അമ്മയെ വിളിച്ച് സഹായം തേടിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button