ഉപമുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു: യുപിയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി

ലക്‌നൗ: പൊതുസമ്മേളനത്തിനിടെ ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് ചോദ്യം ചോദിച്ചതിന് യുവാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. യുപിയിലെ പ്രയാഗ്‌രാജിലാണ് സംഭവം. യുജിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്.
യുജിസി സംവരണ വിഷയത്തില്‍ എന്തെങ്കിലും പറയാമോ എന്ന് യുവാക്കള്‍ സദസില്‍ നിന്ന് വിളിച്ചു ചോദിച്ചു. ഇവരോട് കേശവ് പ്രസാദ് മൗര്യ മിണ്ടാതിരിക്കാന്‍ പറഞ്ഞു. അതേസമയം അവിടെയുണ്ടായ ബിജെപി കൗണ്‍സിലര്‍ വിനയ് മിശ്രയാണ് ചോദ്യത്തില്‍ പ്രകോപിതനായി യുവാക്കളെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിനിടെ പൊലീസ് യുവാക്കളെ സംഭവ സ്ഥലത്ത് നിന്ന് ബലമായി മാറ്റി. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ, ആക്രമിക്കപ്പെട്ട രോഹിത് തിവാരിയുടെ പരാതിയില്‍, ബിജെപി കോര്‍പ്പറേറ്റര്‍ വിനയ് മിശ്രയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആക്രമണം, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ മർദ്ദനത്തിനിരയായ രോഹിത് തിവാരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സമാജ്‌വാദി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നിവരുടെ വാക്കുകൾ കേൾക്കാനല്ല തങ്ങൾ ഇവിടെ വന്നതെന്നും യുവാക്കൾക്ക് വേണ്ടിയുള്ള നേതാക്കളുടെ കാഴ്ചപ്പാട് കേൾക്കാനാണ് ഇവിടെ വന്നതെന്നും രോഹിത് വീഡിയോയിൽ പറയുന്നു. എന്നാൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേർത്തു.
സംഭവത്തില്‍ പ്രതികരിച്ച പ്രാദേശിക ബിജെപി എംഎല്‍എ ഹര്‍ഷ് വര്‍ധന്‍ ബാജ്പേയ് ആക്രമണത്തെ അപലപിച്ചു. ‘യുജിസിയെ എതിര്‍ക്കുന്നത് എല്ലാ ബ്രാഹ്‌മണരുടെയും ഉയര്‍ന്ന ജാതിക്കാരുടെയും അവകാശമാണ്. സ്വന്തം സമുദായത്തിലെ ആളുകള്‍ക്കെതിരെ അതിക്രമം കാണിച്ചവര്‍, പ്രീതി നേടുന്നതിനായി മാത്രം ആരും അവരുടെ കുഞ്ഞിന് വിഭീഷണന്‍ എന്ന് പേരിടില്ലെന്ന് ഓര്‍മ്മിക്കണം’ എന്നാണ് എംഎല്‍എ ഹര്‍ഷ് വര്‍ധന്‍ എക്‌സില്‍ കുറിച്ചത്.




