Uncategorized

‘കൂറ് ഫാസിസ്റ്റ് ശക്തികളോട്’: ദില്ലി ചലോയിൽ പങ്കെടുക്കാത്ത ടിവികെയ്ക്കെതിരെ ഡിഎംകെ

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയും ഇന്‍ഡ്യ മുന്നണി ഡല്‍ഹിയിലെ രാംലീല മെതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നും വിട്ടുനിന്ന തമിഴക വെട്രി കഴകത്തിന്റെയും (ടിവികെ) മുഖ്യമന്ത്രി വിജയ്‌യുടെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിഷയത്തില്‍ ടിവികെ പുലര്‍ത്തുന്ന മൗനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാജ ചോദ്യം ചെയ്തു.

ഫാസിസ്റ്റ് ശക്തികളോടാണ് ടിവികെ കൂറ് പുലര്‍ത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ആരോപിച്ചു. വിജയ്‌യുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്ന സഖ്യത്തെയും എ രാജ പരിഹസിച്ചു.മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പേരുകള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ കാലവും മതേതരത്വത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ഇപ്പോള്‍ ആത്മാഭിമാനം പണയം വെച്ചുവോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈയും ടിവികെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്‍ഡ്യ മുന്നണി നയിക്കുന്ന സമരങ്ങളിലോ മീറ്റിങ്ങുകളിലോ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ടിവികെ മുന്നണിയുടെ ഭാഗമാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.’ഇത്രയൊക്കെ സംഭവിച്ചിട്ടും ടിവികെയും വിജയ്യും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടിവികെ അവര്‍ക്കായി എന്താണ് ചെയ്തിട്ടുള്ളത്? ഒന്നും തന്നെയില്ല,’ ഡിഎംകെ വക്താവ് പറഞ്ഞു. മന്ത്രിസ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ടിവികെയുമായി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും ശരവണന്‍ അണ്ണാദുരൈ കൂട്ടിച്ചേര്‍ത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്‌ഐആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്‍ഡ്യ മുന്നണി നടത്തിയ റാലിയില്‍ ഡിഎംകെയ്ക്ക് പുറമെ മറ്റ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, സിപിഐഎംഎല്‍, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, എന്‍സിപി (ശരദ് പവാര്‍) അടക്കമുള്ളവരും പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button