സ്കൂൾ കായികമേളയ്ക്കിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളിൽ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം.
നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഓട്ടമത്സരത്തിന്റെ പകുതിയെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തി പരിശോധിച്ച ഡോക്ടർമാർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
മകൻ പൂർണ ആരോഗ്യവാനായിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് പ്രമോദ് കുമാർ പറഞ്ഞു. ഇതുവരെ കുട്ടിക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പെൺമക്കളും ഒരു മകനുമടക്കം നാല് മക്കളാണ് പ്രമോദ് കുമാറിനുള്ളത്.




