സ്ഥലം മാറ്റ നടപടി പിൻവലിക്കണം: ഡല്‍ഹി പൊലീസിൽ കലഹം, പരസ്യ പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍. എസിപി മാനസ്വി വസിശിഷ്ത, എസ്എച്ച്ഒ അരുണ്‍കുമാര്‍ എന്നിവരെ സ്ഥലംമാറ്റിയ ഉത്തരവിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പ്ലകാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ഗാന്ധിനഗര്‍ സബ്ഡിവിഷനിലെ എസിപിയെയും ഷഹ്ദാര പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും എതിരെയാണ് നടപടി ഉണ്ടായത്. ഇരുവരെയും സ്ഥലംമാറ്റിയ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഒക്ടോബര്‍ 28നാണ് ഇരു ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തുവന്നത്. ഷഹ്ദാര പൊലീസ് സ്റ്റേഷനിലുണ്ടായ ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. അഭിഭാഷകരില്‍ നിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങിയാണ് ഡല്‍ഹി ഈസ്റ്റില്‍ നിന്നും പ്രാധാന്യം കുറവുള്ള വിഭാഗത്തിലേക്ക് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. ഇത്തരം നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും പൊലീസുകാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഒക്ടാബോര്‍ 23നാണ് നടപടിക്ക് കാരണമായ സംഭവമുണ്ടായത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനും ദമ്പതികളും തമ്മിലുണ്ടായ തര്‍ക്കം പൊലീസിന് മുന്നിലെത്തി. ഇരുവിഭാഗവും തമ്മില്‍ സ്റ്റേഷനില്‍ വച്ചുണ്ടായ തർക്കത്തിൽ അഭിഭാഷകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതി അഭിഭാഷകര്‍ സമരം ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് ശേഷമാണ് അഭിഭാഷകര്‍ സമരം പിന്‍വലിച്ചത്. ഇതോടെയാണ് തീരുമാനത്തിലെ അതൃപ്തി വ്യക്തമാക്കി പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയത്. പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് ആശങ്കകള്‍ അറിയിക്കാതെ മടങ്ങില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.



