എൽപിഎസ്ടി സമരം; യുവാക്കളുടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്ന് ചിന്താ ജെറോം

കേരളത്തിലെ യുവാക്കളുടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. സർക്കാറിന്റെ ഭാഗത്തുനിന്നും ഉള്ളത് പ്രതിഷേധാർഹമായ സമീപനമാണെന്ന് ചിന്താ ജെറോം പറഞ്ഞു. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ സന്ദർശിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ചിന്താ ജെറോം. വളർമതിയുടെ ആരോഗ്യനില ആശങ്കപ്പെടുത്തുന്ന നിലയിലാണ്. തെരഞ്ഞെടുപ്പ് വേളയിൽ ഈ ഉദ്യോഗാർത്ഥികളെ വിശ്വാസത്തിൽ എടുത്താണ് വിഡി സതീശൻ അധികാരത്തിൽ എത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ഇവർ ചൂണ്ടികാട്ടിസമരത്തെ അടിച്ചമർത്തുകയാണ്. ഈ ജനാധിപത്യ സമരത്തെ ക്രൂരമായി വേട്ടയാടുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തും പറയാം എന്നുള്ള നിലപാടാണ് മുഖ്യമന്ത്രി വിഡി സതീശന്റേത്. വോട്ടിനു വേണ്ടി ഒരു ഉറപ്പും. വോട്ട് കഴിയുമ്പോൾ പുച്ഛിക്കുന്ന നിലപാടുമാണെന്നും ഇവർ പറഞ്ഞു. യുഡിഎഫ് നൽകിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. പ്രിയദർശിനി ബസ്സിൻ്റെ കാര്യത്തിലും, ആശാവർക്കർമാരുടെ കാര്യത്തിലും അത് കണ്ടതാണെന്നും കൂട്ടിചേർത്തു.




