ഡൽഹിയിൽ ഷൂ ഫാക്ടറിക്ക് തീപിടിച്ച് നാല് മരണം; രണ്ട് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി മംഗോൾപുരിയിൽ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ വെന്തുമരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളി രാത്രി 9:30-യ്ക്കാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയുടെ ബേസ്മെന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന ഷൂകളും മറ്റ് നിർമാണ സാമഗ്രികളും നിന്നു തീ മുകളിലത്തെ നിലകളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയ ആറ് പേരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




