Uncategorized

“കോഴിമുട്ടയും ചെമ്പരത്തിമൊട്ടും”; ആക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് ശോഭന ജോര്‍ജ്

തിരുവനന്തപുരം: ചെയര്‍പേഴ്‌സണായിരിക്കെ ഔഷധിയെ സൗന്ദര്യ ചികിത്സക്ക് ഉപയോഗിച്ചെന്ന ആക്ഷേപത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി ശോഭന ജോര്‍ജ്. പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്നും നിയമസഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

കോഴിമുട്ടയും ചെമ്പരത്തിമൊട്ടും ഉപയോഗിച്ച് ഔഷധിയില്‍ ചികിത്സ നടന്നെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു മന്ത്രി കെ. മുരളീധരന്റെ മറുപടി. മുന്‍ ഔഷധി ചെയര്‍പേഴ്‌സണ്‍ 300 കോഴിമുട്ട പുഴുങ്ങിത്തിന്നതായും മൂന്നുകിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വെച്ച്, നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീര് കൊണ്ട് തളംവെയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് കണ്ടുപിടിച്ചതായി വാര്‍ത്ത കണ്ടെന്നായിരുന്നു സജീന്ദ്രന്റെ പരാമര്‍ശം. ഈ കണ്ടുപിടിത്തതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോ എന്നും കണ്ടുപിടിത്തം ഔഷധി അംഗീകരിച്ചിട്ടില്ലെങ്കില്‍ മുന്‍ ചെയര്‍മാന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ എന്നും എംഎല്‍എ പരിഹസിച്ചിരുന്നു.ഔഷധി പ്രാധാന്യം നല്‍കുന്നത് സൗന്ദര്യ ചികിത്സയ്ക്കല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഔഷധിയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഇതില്‍ നടപടി ആവശ്യപ്പെട്ടാണ് ശോഭന ജോര്‍ജ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കിയത്. തിരുവഞ്ചൂരിനെ ഫോണില്‍ വിളിച്ചും ശോഭന ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതായി ശോഭന ജോര്‍ജ് പ്രതികരിച്ചു.

ഔഷധിയില്‍ താന്‍ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ആക്ഷേപത്തില്‍ പരാതി നല്‍കുമെന്നും ശോഭനാ ജോര്‍ജ് നേരത്തേ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button