പുല്‍പ്പള്ളിയില്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ ഷോപ്പ് കത്തിനശിച്ചു

പുല്‍പ്പള്ളി: വയനാട്ടിലെ പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ -കൊഫിന്‍ ഷോപ്പ് കത്തിനശിച്ചു. പുത്തന്‍പുരക്കല്‍ സജിയുടേതാണ് സ്ഥാപനം. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.പണി പൂര്‍ത്തിയായതും ഭാഗികമായി നിര്‍മിച്ചതുമായ ഫര്‍ണിച്ചര്‍, 300 ഓളം ശവപ്പെട്ടികള്‍, ഫ്രീസര്‍, ജനറേറ്റര്‍ എന്നിവ കത്തി നശിച്ചു. ബത്തേരിയില്‍നിന്നു എത്തിയ അഗ്നിരക്ഷാസേന മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സജി പറഞ്ഞു. ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധനയ്ക്ക് ശേഖരിച്ചു.
താഴെ അങ്ങാടിയില്‍ കമാന് തോടിനോടുചേര്ന്ന് 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നതാണ് തീപിടിത്തമുണ്ടായ ഷോപ്പ്. ബുധനാഴ്ച രാത്രി 10.30 വരെ സജിയും കുടുംബവും ഇവിടെ ജോലി ചെയ്തിരുന്നു. പുലര്‍ച്ചെ ഒന്നോടെ സമീപത്തെ വീട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞത്.
സജിയും കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഒന്നരമാസം മുമ്പാണ് രണ്ട് കിലോമീറ്റര്‍ അകലെ മറ്റൊരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ഷോപ്പിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ല. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന രണ്ട് അതിഥി തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളില്‍ തീ പടരുന്നതിനിടെ സമീപവാസികള്‍ ഇവരെ വിളിച്ചുണര്‍ത്തി പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോപ്പില്‍ സൂക്ഷിച്ച ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് തീ പിടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.




