കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാഗേഷ് എന്ന് വിളിക്കുന്ന രാജേഷ് ആണ് പൊലീസിന്റെ പിടിയിലായത്. സമാന കുറ്റകൃത്യം ചെയ്തതിനെ തുടർന്ന് ഇയാളെ മുമ്പും ആളുകൾ കൈകാര്യം ചെയ്തിരുന്നതായി നാട്ടുകാർ അറിയിച്ചു.
സ്ത്രീകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന ബസ്സുകളിൽ മുൻഭാഗത്ത് മാത്രം നിന്നാണ് ഇയാളുടെ പതിവ് യാത്രയെന്നും ആളുകൾ പരാതിപ്പെടുന്നുണ്ട്. മാധ്യമ വാർത്തയെ തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പടനിലത്തേയ്ക്ക് ബസ് കയറിയ വിദ്യാർത്ഥിനിക്ക് നേരെ ഇയാൾ ലൈഗിംക അതിക്രമം നടത്തിയത്
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണിൽകടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗിക അതിക്രമം. സഹികെട്ട പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു




