Uncategorized

തേനിയിലെ വനമേഖല വളഞ്ഞ് പൊലീസ്; ജയിലിലുണ്ടായിരുന്നത് തോക്ക് ഉപയോ​ഗിക്കാൻ അറിയാത്ത ഉദ്യോ​ഗസ്ഥർ; 50-ലധികം പേർ ജയിൽചാടിയെന്ന് ഡിഎംകെ

തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി തേക്കാംപെട്ടിസബ് ജയിലിൽനിന്ന് രക്ഷപ്പെട്ട തടവുകാരിൽനാലുപേരെ കൂടി കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ജയിലിന് പിൻഭാ​ഗത്തുള്ള അമച്ചിയാപുരം വനമേഖല കേന്ദ്രീകരിച്ചാണ് വൻ പൊലീസ് സംഘം തെരച്ചിൽ നടത്തുന്നത്. ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

ജയിൽ ചാടിയവരിൽ മധുര സ്വദേശികളായ തിരുപ്പതി, പൊൻമുത്തുശെൽവം, മീനാക്ഷി സുന്ദരം, കന്യാകുമാരി സ്വദേശി റെജിൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ജയിലിനു പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖല പൊലീസ് വളഞ്ഞിരിക്കുകയാണ്. നൂറിലധികം പൊലീസുകാർ കാട്ടിനുള്ളിൽ തെരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ സ്വദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

വനമേഖലക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽ ഇവർ എത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേനിയിലെ ജയിലിൽ തന്നെയാണ് ഇവരെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരിൽ ഒന്നിലധികം കേസുകളുണ്ട്. ജയിൽ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഏഴു വകുപ്പുകൾ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാൻ തടവുകാർക്ക് ജയിൽ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

334 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേർ ഡ്യൂട്ടിയിലുണ്ടാകേണ്ട സ്ഥലത്ത് നാലു പേ‍ർ മാത്രമാണുണ്ടായിരുന്നത്. അഞ്ചു പേരാണ് അന്നേ ദിവസം ആകെ ഹാജരായത്. തോക്ക് ഉപയോഗിക്കാൻ അറിയാത്ത ഉദ്യോഗസ്ഥരെയാണ് കാവലിന് നിയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തടവ് ചാടിയത് അൻപതിലധികം പേരാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button