യുവതിയുടെ കൈപിടിച്ച് വലിച്ചു, ഭീഷണിപ്പെടുത്തി, വീടുവരെ പിന്നാലെ ചെന്ന് അസഭ്യം പറഞ്ഞു, ഊബർ ഡ്രൈവർക്കെതിരെ കേസ്

യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവതിയെ മർദ്ദിക്കുകയും, വധഭീഷണി മുഴക്കുകയും, വീടുവരെ പിന്തുടരുകയും ചെയ്ത ഊബർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുഗ്രാമിലാണ് സംഭവം. ഒക്ടോബർ 26-ന് തനീഷ ശർമ എന്ന യുവതിയാണ് തനിക്കുണ്ടായ ഭയാനകമായ അനുഭവം എക്സി(ട്വിറ്റർ)ൽ പങ്കുവച്ചത്.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ നാലേമുക്കാലോടെ ഗുരുഗ്രാമിലെ വീട്ടിലേക്ക് വരാനായിട്ടാണ് തനീഷ ടാക്സി ബുക്ക് ചെയ്തത്. ആപ്പിൽ കാണിച്ച തുക നൽകിയെങ്കിലും, കയ്യിലുണ്ടായിരുന്ന ലഗേജ് തിരികെ നൽകാൻ ഡ്രൈവർ തയ്യാറായില്ല, പകരം കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി.
ഊബർ ആപ്പിൽ 625 രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവർ മറ്റൊരു ആപ്പിലെ 1,479 രൂപ കാണിച്ചുള്ള സ്ക്രീൻഷോട്ട് കാണിച്ച് ആ തുക ആവശ്യപ്പെട്ടു. ഈ റൂട്ടിൽ ഇത്രയും ചാർജ് ആകുമെന്ന് പറഞ്ഞ് ഡ്രൈവർ തനീഷയോട് തർക്കിക്കുകയായിരുന്നു.
ആപ്പിൽ കാണിച്ച 625 രൂപ നൽകിയ ശേഷം ലഗേജ് എടുക്കാൻ ശ്രമിച്ച യുവതിയെ ഡ്രൈവർ തടഞ്ഞു. കാർ ലോക്ക് ചെയ്യുകയും ലഗേജ് ഇരുന്ന മുൻ സീറ്റിലെ ഗ്ലാസ് പൊക്കി കൈയ്ക്ക് പിടിച്ച് വലിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.
ലഗേജുമായി വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവതിയെ ഡ്രൈവർ വീടിന്റെ ഗേറ്റ് വരെ പിന്തുടർന്ന് അസഭ്യം പറഞ്ഞു. തുടർന്ന് ഗേറ്റിന് മുകളിലൂടെ കയറാൻ ശ്രമിക്കുകയും യുവതിക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു.അക്രമം നടക്കുന്ന സമയത്ത് ഊബർ ആപ്പിലെ സേഫ്റ്റി സപ്പോർട്ടുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി വെളിപ്പെടുത്തി. തുടർന്ന് പൊലീസിൽ ഓൺലൈനായി FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതോടെ ഊബർ വക്താവ് വിഷയത്തിൽ പ്രതികരിക്കുകയും ഡ്രൈവറെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു. ഡ്രൈവർക്കെതിരെയുള്ള പൊലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




