ഉഗ്രശബ്ദത്തോടെ പാറ ഉരുണ്ടു താഴേക്ക്, വീണത് സമീപത്തെ കിണറിന് മുകളിൽ, ദുരന്തം ഒഴിവായെങ്കിലും കുടിവെള്ളം മുട്ടി വീട്ടുകാർ

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻപാറ വീണ് കിണർ തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ പുരയിടത്തിൽ നിന്ന് വലിയ പാറയാണ് വീടിന് സമീപത്തെ കിണറിനു മുകളിൽ വീണത്. വലിയ ശബ്ദത്തോടെ പാറ പതിച്ചതോടെ കിണർ പൂർണമായും ഇടിഞ്ഞ് തകർന്നു. സംഭവ സമയത്ത് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായത്. പാറ അല്പം കൂടി ഉരുണ്ട് വന്നിരുന്നെങ്കിൽ വീട് തകരുമായിരുന്നെന്ന് സമീപവാസികൾ പറയുന്നു.
സമീപത്തെയടക്കം വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണറാണ് ഇതോടെ നഷ്ടമായത്. സംഭവ സമയത്ത് വീട്ടിൽ ബിനുവിനൊപ്പം കിടപ്പ് രോഗിയായ അമ്മയും അച്ഛനും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടം നടന്ന സ്ഥലത്തിനു തൊട്ടു മുകളിലായി മറ്റൊരു വലിയ പാറ ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിൽ നിൽപ്പുണ്ടെന്നും ഭയത്തോടെയാണ് കുടുംബം കഴിയുന്നതെന്നും പരിസരവാസികൾ പറയുന്നു.




