Uncategorized

കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല; ശ്യാംജിത്തിന്റെ ആരോപണം തള്ളി വൈദേകം ജനറല്‍ മാനേജര്‍

കണ്ണൂര്‍: സിഎംആര്‍എല്‍ എംഡി ശശിശധരന്‍ കര്‍ത്തയുടെ കയ്യില്‍ നിന്നും ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ആ പണം വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചുവെന്നുമുള്ള ആരോപണം തള്ളി വൈദേകം ജനറല്‍ മാനേജര്‍ തോമസ് ജോസഫ്. ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ലെന്നും ഇപിയുടെ ഭാര്യ പി കെ ഇന്ദിര നിക്ഷേപിച്ചത് പിഎഫ് തുകയാണെന്നും മാനേജര്‍ പറഞ്ഞു. ശ്യാംജിത്തിന്റെ ആരോപണങ്ങള്‍ ഭാര്യയെ ജോലിയില്‍ നിന്ന് പുറത്താക്കിയതിലുള്ള പ്രതികാര മനോഭാവങ്ങള്‍ കാരണമാണെന്നും തോമസ് ജോസഫ് വ്യക്തമാക്കി. കമ്പനിയില്‍ വന്നിട്ടുള്ള മുഴുവന്‍ പണവും ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ്. എല്ലാം സുതാര്യമായി മാത്രമേ നടന്നിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ശ്യംജിത്തിന്റെ ഭാര്യ വൈദേകം റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 17 നാണ് അവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നത്. പിന്നാലെ കമ്പനിതലത്തില്‍ വിശദമായ അന്വേഷണം നടന്നിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 16ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ശ്യംജിത്തിന്റെ ഭാര്യയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ജനറല്‍ മാനേജര്‍ വിശദീകരിച്ചു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ അനധികൃതമായി ആക്‌സസ് സ്ഥാപിച്ചതിനും അവരുടെ സ്വകാര്യ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കമ്പനി ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങൾ നടത്തിയതിനും കമ്പനി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജര്‍ പറഞ്ഞു. ശ്യംജിത്തിന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ എന്നും തോമസ് ജോസഫ് കൂട്ടിച്ചേര്‍ത്തു. വൈദേകം റിസോര്‍ട്ടിന് വേണ്ടി വാങ്ങിയ വസ്തുക്കള്‍ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. മാസം 35,000 രൂപ ശമ്പളത്തിന് പുറമേ പ്രതി വര്‍ഷം മൂന്ന് ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റുന്നു എന്നതടക്കം കമ്പനി ശ്യംജിത്തിന്റെ ഭാര്യയ്‌ക്കെതിരെ കണ്ടെത്തല്‍ നടത്തിയിരുന്നുശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നായിരുന്നു ഇ പി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പിയുടെ ആരോപണം. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണമായി ഉന്നയിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഇ പി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് ഇപിയുടെ സഹോദരീപുത്രന്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ടായിരുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ തന്റെ പേജ് ഹാക്ക് ചെയ്തതെന്ന വിശദീകരണവുമായി ശ്യാംജിത് രംഗത്തെത്തുകയായിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്ന ഇ പി ജയരാജനും തോമസ് ജോസഫ് പറഞ്ഞ സമാന കാര്യങ്ങള്‍ ഇന്നലെ തന്നെ വിശദീകരിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button