കര്‍ശനമായ നടപടി ഉണ്ടാകും, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല; ചേരാനല്ലൂർ വാഹനാപകടത്തില്‍ മന്ത്രി സി പി ജോൺ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ റിപ്പോര്‍ട്ടറിനോട്. അപകടവിവരം ശ്രദ്ധയില്‍പ്പെട്ടെന്നും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വലിയ വാഹനങ്ങളുമായി പോയി ആളുകളെ ഇടിച്ചു കൊല്ലുന്നത് കയ്യുംകെട്ടി നോക്കിയിരിക്കാന്‍ സര്‍ക്കാരിന് ആകില്ലെന്നും മന്ത്രി വ്യക്തമാക്കി. കര്‍ശനമായ നടപടി ഉണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വണ്ടിയോടിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ കൂടി ശ്രദ്ധിക്കണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. അപകടമുണ്ടായ ശേഷം ജയിലില്‍ പറഞ്ഞു വിട്ടത് കൊണ്ട് മാത്രം കാര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് ഇത്തരം അപകടങ്ങള്‍ നിത്യസംഭവമായി മാറിയതില്‍ ആശങ്കയെന്നും മന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകും. ആര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉടന്‍ പൊളിച്ചെടുക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന് കഴിയുന്ന സാധ്യതകള്‍ പരിശോധിക്കുന്നു എന്നും മന്ത്രി പറഞ്ഞു. നവംബര്‍ 15ന് റോഡ് സേഫ്റ്റി മിഷന്‍ ആരംഭിക്കുകയാണ്. എല്ലാ മാസവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ വലിയ ദുഃഖം. സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നല്‍കുമെന്നും മരണപ്പെട്ട ആളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മന്ത്രി പറഞ്ഞുഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണന്‍ പുലര്‍ച്ചെ കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടാകുന്നത്. ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിത വേഗതയില്‍ എത്തി അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജയബാലകൃഷ്ണന്‍ തെറിച്ച് പോയിരുന്നു. പിന്നീട് ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതം വലുതായിരുന്നു എന്ന് സ്‌കൂട്ടറിന്റേയും കാറിന്റേയും നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതാണ്. അപകടമുണ്ടാക്കിയ ബെന്‍സ് വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറ്റുകയും തഴെ സര്‍വീസ് റോഡിലേക്ക് ഇടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ നമ്പര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ ഇങ്ങനെ ചെയ്തത് എന്തിനെന്നതിലും സംശയം ഉയരുന്നുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബെന്‍സ് വാഹനത്തിന്റെ നമ്പര്‍ മാത്രമാണ് ഉള്ളത്.




