Uncategorized

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്: പ്രതികൾ ആശയവിനിമയം നടത്തിയത് ഇന്റനെറ്റ് കോൾ വഴി, പൊലീസ് നീക്കം നിരീക്ഷിച്ചത് വാർത്തകളിലൂടെ

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന്. പ്രതികൾ ആശയവിനിമയം നടത്തിയത് ഇന്റനെറ്റ് കോൾ വഴിയെന്നും, വാർത്തകളിലൂടെ പ്രതികൾ പൊലീസ് നീക്കം നിരീക്ഷിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയ ആൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായത്.

അതേസമയം വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. ആക്രമണ ശേഷം നടൻ കടുത്ത മാനസിക അസ്വസ്ഥതയിലാണ് എന്നും മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചിരുന്നു. ആക്രമികൾ ആരാണെന്നോ, എന്തിനാണ് അവർ വെടിയുതിർത്തതെന്നോ, ആരാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നോ അറിയില്ലെന്ന് ടൈഗർ ഷ്രോഫ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും പ്രവർത്തിച്ചത് രൺദീപിന്റെ നിർദേശപ്രകാരമെന്നാണ് പുറത്ത് വരുന്ന വിവരം.മുംബൈയിലെത്തിയ ഷൂട്ടർമാർ ആദ്യം സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചെങ്കിലും, ‘വൈ-പ്ലസ് ‘ സുരക്ഷയും ശക്തമായ പൊലീസ് കാവലും കാരണം പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷ കുറഞ്ഞ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായി എത്താറുള്ള ടൈഗർ ഷ്റോഫിലേക്ക് സംഘം തിരിഞ്ഞത്. ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട സ്ത്രീകൾ വഴിയാണ് പ്രതികൾ ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button